ലക്നോ: ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടി-ബിഎസ്പി സഖ്യത്തിനു തിരിച്ചടിയായി നിഷാദ് പാര്‍ട്ടി ബിജെപിയുമായി അടുക്കുന്നു. ഗോരഖ്പുരില്‍ ബിജെപിയെ വീഴ്ത്തിയ നിഷാദ് പാർട്ടി അഖിലേഷ്-മായാവതി സഖ്യംവിട്ട് എന്‍ഡിഎയിൽ ചേരും. മഹാസഖ്യത്തിൽനിന്നുമുള്ള യാത്രയിലാണ് തങ്ങൾ. മറ്റൊന്ന് തെരഞ്ഞെടുക്കാൻ നോക്കുകയാണെന്നും വെള്ളിയാഴ്ച നിഷാദ് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
എസ്പി-ബിഎസ്പി സഖ്യത്തിൽ ചേർന്നതിനു തൊട്ടുപിന്നാലെയാണ് നിഷാദ് പാർട്ടി സഖ്യം വിടുന്നത്. നിഷാദ് പാർട്ടി അധ്യക്ഷൻ സഞ്ജയ് നിഷാദ് ലക്നോവിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി. ഗൊരഖ്പുരിൽനിന്നുള്ള സമാജ്വാദി പാർട്ടി എംപിയും സഞ്ജയ് നിഷാദിന്റെ മകനുമായ പ്രവീണും യുപി മന്ത്രി സിദ്ധാർഥ് നാഥ് സിംഗും യോഗത്തിൽ പങ്കെടുത്തു.
ഗോരഖ്പുരില്‍ നിന്ന് പ്രവീണ്‍ മത്സരിച്ചത് സമാജ്വാദി പാര്‍ട്ടിയുടെ ചിഹ്നത്തിലായിരുന്നു. പൊതുതെരഞ്ഞെടുപ്പില്‍ ഇത്തവണ നിഷാദ് പാര്‍ട്ടിയുടെ ചിഹ്നത്തില്‍ മത്സരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സമാജ്വാദി പാര്‍ട്ടി അംഗീകരിച്ചില്ല. ഇതാണ് നിഷാദ് പാര്‍ട്ടിയെ ചൊടിപ്പിച്ചത്. എൻഡിഎയിൽ ചേരുന്നതു സംബന്ധിച്ച് ബിജെപിയോ നിഷാദി പാര്‍ട്ടിയോ വ്യക്തമായ നിലപാട് പുറത്തുപറഞ്ഞിട്ടില്ല.
ഗൊരഖ്പുർ എംപിയായിരുന്ന യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായതിനെ തുടർന്ന് മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് നിഷാദ് പാർട്ടി ബിജെപിയെ ഞെട്ടിച്ചത്. ഗൊരഖ്പുർ ഉപതിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന്റെ ഭാഗമായി നിന്ന നിഷാദ് പാര്‍ട്ടി വൻ വിജയമാണ് നേടിയത്.