സെക്യൂരിറ്റി ജീവനക്കാരെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കിംഗ്സ് ബീഡി ഉടമ മുഹമ്മദ് നിസാം ജയിലിലും സുഖജീവിതം നയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ജയിലില്‍നിന്ന് മറ്റു കേസുകള്‍ക്കായി ഇയാളെ കൊണ്ടുപോകുന്നതിന്റെ യാത്ര ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിസാമിന്റെ ഓഫീസില്‍നിന്നാണ് ചെയ്യുന്നത്. ഇതിനിടെ നിഷാം ഫോണില്‍വിളിച്ച് ഭീഷണിപ്പെടുത്തിയതായി സഹോദരങ്ങള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
നിസാമിനെ ഒരു കേസിനായി ബംഗളൂരുവിലേക്ക് കൊണ്ടുപോയപ്പോള്‍ അതേ ബസില്‍ നിസാമിന്റെ കൂട്ടുകാരും ഓഫീസ് ജീവനക്കാരും സഞ്ചരിച്ചിരുന്നു. ഇതിനിടെയാണ് സഹോദരങ്ങളുടെ പരാതി റൂറല്‍ എസ്പി നിഷാന്തിനിക്കു ലഭിക്കുന്നത്. നിസാമിന്റെ ഉടമസ്ഥതയിലുളള തിരുവനന്തപുരത്തെ കിങ്സ് കമ്പനിയിലെ കൂലി വര്‍ധനയുമായി ബന്ധപ്പെട്ട് സഹോദരങ്ങള്‍ നിസാമിനോട് ആലോചിക്കാതെ ഏകപക്ഷീയമായി തീരുമാനം എടുത്തിരുന്നു. ഇക്കാര്യത്തിലാണ് അബ്ദുള്‍ നിസാര്‍, അബ്ദുള്‍ റസാഖ് എന്നി സഹോദരങ്ങളെ വിളിച്ച് നിഷാം ഭീഷണിപ്പെടുത്തിയത്.
നിസാം തങ്ങളെ വിളിച്ചതിന്റെ ഫോണ്‍ രേഖകളും, ഓഡിയോ റെക്കോഡുകളും റൂറല്‍ എസ്പി നിശാന്തിനിക്ക് പരാതിക്കൊപ്പം ഇവര്‍ കൈമാറിയിട്ടുണ്ട്. വിശദമായ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയതായി എസ്പി നിശാന്തിനി അറിയിച്ചു. പൊലീസും നിസാമും ഒത്തുകളിക്കുന്നതായി ഇവര്‍ പരാതിയില്‍ ആരോപിക്കുന്നുണ്ട്.
അതേസമയം നിസാം ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നതായും തെളിഞ്ഞു. നിസാമുമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു. ജയിലില്‍ നിര്‍ഭയം ഫോണ്‍ ഉപയോഗിക്കുന്നുവെന്ന് ഇതോടെ തെളിഞ്ഞു. നിസാം പലപ്പോഴും ഫോണ്‍ ഉപയോഗിക്കുന്നത് കണ്ടതായി സഹതടവുകാര്‍ വെളിപ്പെടുത്തിയെന്നും സൂചനയുണ്ട്. അതേസമയം, സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.