കൊച്ചി: സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതി മുഹമ്മദ് നിഷാമിന് ഹൈക്കോടതി ഉപാധികളോടെ ഏഴു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. മൂന്നു ലക്ഷം രൂപയുടെ ബോണ്ട്, തുല്യ തുകയുടെ രണ്ട് ആള്‍ജാമ്യം, എല്ലാ ദിവസവും പേരാമംഗലം പോലീസ് സ്റ്റേഷനില്‍ ഹാജരായി ഒപ്പിടണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
തൃശൂരിലെ പുഴയ്ക്കലിലുള്ള ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലാണ് നിഷാമിന് വിചാരണക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ഇതിനെതിരേ പ്രതി നല്കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. 2015 ജനുവരി 29ന് അറസ്റ്റിലായതു മുതല്‍ ജയിലിലാണെന്നും അപ്പീല്‍ പരിഗണിച്ച് പ്രതിക്ക് ശിക്ഷ സസ്പെന്‍ഡ് ചെയ്ത് ജാമ്യം നല്‍കണമെന്നും നിഷാമിന്റെ അഭിഭാഷകന് ആവശ്യപ്പെട്ടു.
ഇതു നിരസിച്ച ഡിവിഷന് ബെഞ്ച് ഇടക്കാല ജാമ്യം അനുവദിക്കാമെന്ന് പറഞ്ഞു. പത്തു ദിവസത്തെ ഇടക്കാല ജാമ്യം തേടിയെങ്കിലും ഏഴു ദിവസം മാത്രമാണ് അനുവദിച്ചത്. രോഗശയ്യയിലുള്ള അമ്മയെ കാണാന്‍ ജനുവരിയില്‍ നിഷാമിനു മൂന്നു പകലുകള്‍ കോടതി അനുവദിച്ചിരുന്നു.