സ്വന്തം ലേഖകൻ
കണ്ണൂര്‍: കണ്ണൂരിൽ കോടികളുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായ ദന്പതികൾക്ക് മയക്കുമരുന്ന് എത്തിക്കുന്ന മുഖ്യകണ്ണിയെ പോലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂർ തെക്കീബസാർ റാബിയ മൻസിലിൽ നിസാം അബ്ദുൾ ഗഫൂറിനെ(35)യാണ് പ്രത്യേക അന്വേഷണസംഘം മഞ്ചേശ്വരം ഹൊസങ്കടിയിൽനിന്നു പിടികൂടിയത്.
കണ്ണൂരിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഒന്നരക്കോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി കഴിഞ്ഞ എട്ടിന് കണ്ണൂരിൽ പിടിയിലായ കൊയ്യോട് കേളപ്പൻമുക്ക് തൈവളപ്പിൽ അഫ്സൽ (37), ഭാര്യ കാപ്പാട് ഡഫോഡിൽസ് വില്ലയിൽ ബൾക്കീസ് (28) എന്നിവർക്ക് മയക്കുമരുന്ന് എത്തിച്ചത് അബ്ദുൾ ഗഫൂറാണെന്ന് പോലീസ് പറഞ്ഞു.
ബൾക്കീസിന്റെ ജ്യേഷ്ഠത്തിയുടെ ഭർത്താവാണ് അറസ്റ്റിലായ നിസാം അബ്ദുൾ ഗഫൂർ.
നിസാമാണ് ബംഗളൂരുവിൽനിന്ന് മൊത്തമായി മയക്കുമരുന്നുകൾ കണ്ണൂരിലെത്തിക്കുന്നത്.
നേരത്തെ അറസ്റ്റിലായ ബൾക്കീസും നിസാമും ഇനി പിടിയിലാകാനുള്ള മരക്കാർക്കണ്ടി സ്വദേശി ജനീസും ചേർന്ന് പടന്നപ്പാലത്തെ ഇന്റീരിയർ ഡെക്കറേഷൻ സ്ഥാപനത്തിൽനിന്നാണ് മയക്കുമരുന്നുകൾ പ്രത്യേക പായ്ക്കറ്റുകളിലാക്കി വിതരണത്തിനെത്തിക്കുന്നത്.
മധ്യകേരളത്തിൽ നിസാമിന്റെ നേതൃത്വത്തിലാണ് മയക്കുമരുന്നുകൾ വിതരണം ചെയ്തിരുന്നത്.
മരുന്നെന്ന വ്യാജേനയാണ് അതിമാരക മയക്കുമരുന്ന് പാഴ്സൽ വഴി കണ്ണൂരിൽ എത്തിക്കുന്നത്.
നേരത്തെ അറസ്റ്റിലായ ദമ്പതികള്‍ പാഴ്സൽ കൈപ്പറ്റിയാൽ മയക്കുമരുന്ന് എത്തിക്കേണ്ട ലോക്കേഷൻ അജ്ഞാത കേന്ദ്രത്തിൽനിന്ന് വാട്സ്ആപ് സന്ദേശമായി എത്തും.
തുടർന്ന് പറഞ്ഞ സ്ഥലത്ത് സാധനമെത്തിച്ച് ഫോട്ടോയെടുത്ത് തിരിച്ച് വാട്സ് ആപ് സന്ദേശമായി സംഘത്തിന് അയച്ചുകൊടുക്കണം. അവിടെനിന്ന് മറ്റൊരു സംഘമെത്തി മയക്കുമരുന്ന് എടുക്കും.
ബംഗളൂരുവിൽനിന്ന് ടൂറിസ്റ്റ് ബസുകളിൽ കണ്ണൂരിലേക്ക് മയക്കുമരുന്ന് കടത്തുവെന്ന സൂചനയെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നഗരത്തിലെ ഒരു പാഴ്സല്‍ ഓഫീസില്‍ വച്ചാണ് നേരത്തെ ദന്പതികൾ പിടിയിലാകുന്നത്.
ഇവരുടെ മൊഴിയാണ് മുഖ്യസൂത്രധാരനിലേക്ക് അന്വേഷണം എത്തിച്ചത്.
എംഡിഎംഎ മയക്കുമരുന്നുമായി ദന്പതികൾ പിടിയിലായ വാര്‍ത്ത വന്നതിനുശേഷം പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു നിസാം അബ്ദുള്‍ ഗഫൂര്‍. പ്രതിയുടെ ബാങ്ക് അക്കൗണ്ടുകള്‍ പോലീസ് മരവിപ്പിച്ചിട്ടുണ്ട്.
ഓരോ മാസവും പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഒരു കോടിക്ക് മുകളിലുള്ള പണമിടപാടുകള്‍ നടക്കുന്നതായി പോലീസ് പരിശോധനയില്‍ കണ്ടെത്തി.
കണ്ണൂരിലെ മയക്കുമരുന്ന് കേസുകള്‍ ഉള്‍പ്പെടെ പ്രതിക്കെതിരേ ഏഴു കേസുകള്‍ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി നിലവിലുണ്ട്.
ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലായ പ്രതികള്‍ക്കുപുറമെ കൂടുതല്‍ പേര്‍ക്ക് ഈ കേസുമായി ബന്ധമുണ്ടെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ ഇളങ്കോ അറിയിച്ചു.
ബംഗളൂരുവിൽനിന്ന് മയക്കുമരുന്ന് കയറ്റിവിടുന്നയാളും കണ്ണൂരിലെ ഏജന്റുമാണ് പ്രധാന സൂത്രധാരൻമാർ. ഇതിൽ കണ്ണൂരിലുള്ള ജനീസിനെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.
നിസാമിനെ പിടികൂടിയ പ്രത്യേക സംഘത്തിൽ സിറ്റി എസ്ഐ പി.കെ. സുമേഷ്, എസ്ഐമാരായ മഹിജൻ, റാഫി, എഎസ്ഐമാരായ രഞ്ജിത്, അജയൻ, എസ് സിപിഒ മിഥുൻ എന്നിവരുമുണ്ടായിരുന്നു.
നിസാം നടത്തുന്നത് കോടികളുടെ ഇടപാടുകൾ
കണ്ണൂർ: കോവിഡ് കാലത്ത് തൊഴിലും വരുമാനവുമില്ലാതെ പതിനായിരം രൂപയുമായി ബംഗളൂരുവി
ലേക്ക് വണ്ടികയറിയ നിസാം അബ്ദുൾ ഗഫൂറി(35)ന്റെ വളർച്ച ശരവേഗത്തിലായിരുന്നു.
പൊതുവെ ശാന്തശീലനും എന്തും ചെയ്യാനുള്ള മാനസികാവസ്ഥയുമുള്ള നിസാം പിന്നീട് എത്തിപ്പെട്ടത് മയക്കുമരുന്ന് സംഘത്തിലേക്കായിരുന്നു.
നൈജീരിയൻ സംഘവുമായുള്ള അടുപ്പമാണ് നിസാമിനെ കേരളത്തിലെ മയക്കുമരുന്ന് സംഘത്തിലെ പ്രധാനിയാക്കിയത്.
രണ്ടുവർഷം മുന്‍പ് 10,000 രൂപ മാത്രമായി തൊഴിൽ തേടിയിറങ്ങിയ നിസാം അബ്ദുൾ ഗഫൂറിന്റെ അക്കൗണ്ടുകളിലൂടെ ഇന്ന് കോടികളുടെ ഇടപാടാണ് നടക്കുന്നത്.
ഇയാളുടെ അഞ്ച് അക്കൗണ്ടുകൾ പോലീസ് പരിശോധിച്ചുകഴിഞ്ഞു. ഇടപാടിന് നിയന്ത്രണമില്ലാതായതോടെ ഒരു ദേശസാത്കൃത ബാങ്കധികൃതർ നിസാമിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെ തന്റെ കൂടുതൽ ഇടപാടും ഇയാൾ ആക്സിസ് ബാങ്ക് വഴിയാണ് നടത്തിയത്.
സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാനായി ഇല്ലാത്ത പണം കൊടുത്ത് വാങ്ങിയ എംഡിഎംഎ ശക്തമായ കാറ്റിൽ പാറിപ്പോയതോടെ പിന്നീട് എംഡിഎംഎ ഉപയോഗിച്ചിട്ടില്ലെന്നാണ് ഇയാൾ പോലീസിനോടു പറഞ്ഞത്.
കഞ്ചാവ് ഉപയോഗിക്കാറുണ്ട്. മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ബംഗളൂരു പോലീസ് പിടികൂടിയ നിസാം ആറുമാസം ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കിടന്നിട്ടുണ്ട്.
പിന്നീട് ജാമ്യത്തിലിറങ്ങിയ നിസാം വീണ്ടും മയക്കുമരുന്ന് ഇടപാട് തുടരുകയായിരുന്നു. മയക്കുമരുന്ന് വില്പനയിലെ പണംകൊണ്ട് ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു നിസാം.