കോന്നി: ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും സാമൂഹികസേവനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച നിഷാന്ത് കുഞ്ഞുമോനെ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റായി നിയോഗിച്ചു.
അസ്ഥി ഒടിയുന്ന അപൂർവ രോഗം ബാധിച്ച് ചെറുപ്പത്തിൽ തന്നെ പരസഹായമില്ലാതെ കിടക്കയിൽനിന്ന് അനങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ ചികിത്സയിൽ തുടരുമ്പോഴും സാമൂഹിക സേവനം കൈവിടാതെ സമൂഹത്തിലെ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹരിക്കുന്നതിലൂടെ ശ്രദ്ധേയനാണ് കോന്നി മങ്ങാരം വട്ടതകിടിയിൽ നിഷാന്ത് കുഞ്ഞുമോൻ.
2007-08ൽ യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റായി വോട്ടെടുപ്പിൽ വിജയിച്ചിരുന്നു. അക്കാലയളവിൽ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാജീവ് സത്വവ നേരിട്ട് വീട്ടിൽ എത്തിയാണ് നിഷാന്തിന് മെംബർഷിപ്പ് നൽകിയത്.
യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിലാണ് നിഷാന്ത് പത്ത്, പ്ലസ്ടു പരീക്ഷകൾ എഴുതിയിരുന്നത്. തുടർന്ന് ബിഎസ്എൻഎൽ റീച്ചാർജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനത്തിലൂടെ സംരംഭകനായി.
യുവജന സംഘടനകളുടെ സജീവ അംഗമായി പ്രവർത്തിക്കുന്ന നിഷാന്ത് സംഘടനകളുമായി ബന്ധപ്പെട്ട് കാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ നിഷാന്ത് കുഞ്ഞുമോനെ വീട്ടിൽ എത്തി മണ്ഡലം വൈസ് പ്രസിഡന്റിന്റെ ചുമതലകൾ ഏല്പിച്ച് അനുമോദിച്ചു.
യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ എസ്. സന്തോഷ് കുമാർ, മണ്ഡലം പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ, ഡിസിസി സെക്രട്ടറി സജി കൊട്ടക്കാട്, ബൂത്ത് പ്രസിഡന്റ് ലിസി സാം എന്നിവർ ഒപ്പമുണ്ടായിരുന്നു.