ഇടുക്കി: വാഗമണിനു പിന്നാലെ രാജാക്കാട് സേനാപതി സ്വർഗംമേട്ടിൽ നിശാ പാർട്ടി നടത്താനുള്ള നീക്കം പൊളിച്ചടുക്കി പോലീസ്. ടെന്റുകൾ കെട്ടി നിശാപാർട്ടി നടത്താനുള്ള നീക്കമാണ് പോലീസ് നീക്കത്തോടെ ഉപേക്ഷിച്ചത്.
പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയത് യുവതികൾ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നാൽപ്പത്തഞ്ചോളം പേരായിരുന്നു. ഇന്ന് ഇവിടെ പുതുവൽസര പാർട്ടിയും നടത്താൻ ഉദ്ദേശിച്ചിരുന്നതായാണ് വിവരം.
പാർട്ടിക്കായി താത്ക്കാലികമായി നിർമിച്ച ടെന്റുകൾ നീക്കം ചെയ്ത ഉടുന്പൻചോല പോലീസ് പങ്കെടുക്കാനെത്തിയവരെ മടക്കി അയച്ചു. ഇവരിൽ ആരും തന്നെ ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്താനായില്ല.
സ്വകാര്യ വ്യക്തിയുടെ 20 ഏക്കറോളം സ്ഥലത്ത് വിവിധ ഭാഗങ്ങളിലായാണ് ടെന്റുകൾ സ്ഥാപിച്ചിരുന്നത്. സ്ഥലമുടമയ്ക്ക് നോട്ടീസ് നൽകിയാണ് പലീസ് പരിപാടിയ്ക്ക് തടയിട്ടത്.
ഒട്ടാത്തിയിൽ നിന്നും നാലു കിലോമീറ്ററോളം ഉള്ളിലായി പ്രകൃതി സുന്ദരമായ മലമുകളിൽ സ്റ്റേജ്, നാൽപ്പതോളം ടെന്റുകൾ എന്നിവ നിർമിച്ചായിരുന്നു പരിപാടിക്ക് വേദിയൊരുക്കിയത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഉടുന്പൻചോല സി.ഐ. എ ഷൈൻകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഉടുന്പൻചോല തഹസീൽദാരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘവും ചൊവ്വാഴ്ച്ച രാത്രി 11 മുതൽ പുലർച്ചെ രണ്ട് വരെയാണ് റെയ്ഡ് നടത്തിയത്.
മൈക്ക് സെറ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പാർട്ടിക്കായി ഒരുക്കിയിരുന്നു.ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെയാണ് പരിപാടിയിലേയ്ക്ക് ആളെ സംഘടിപ്പിച്ചത്. പോലീസ് പരിശോധനയിൽ ലഹരിവസ്തുക്കളൊന്നും കണ്ടെടുക്കാനായില്ല.
ഉട്ടോപ്യ യുണൈറ്റെഡ് ഫൗണ്ടേഷൻ എന്ന സംഘടനയുടെ ലേബലിൽ പരിണാമ എന്ന ക്ലാസിൽ പങ്കെടുക്കുന്നതിന് എന്ന പേരിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരെ എത്തിച്ചത്.
വീക്ക് ഡേ ടിക്കറ്റിന് 1,500 രൂപയും, വീക്ക് എൻഡ് ടിക്കറ്റിന് 2,000 രൂപയും, ന്യൂഇയർ ടിക്കറ്റിന് 2,500 രൂപയും ആണ് ഫീസ്. പരിപാടിക്കായി അധികൃതരുടെ അനുമതി സംഘാടകർ വാങ്ങിയിരുന്നില്ല.
വാഗമണിലെ സ്വകാര്യ റിസോർട്ടിൽ കഴിഞ്ഞ ദിവസം നിശാ പാർട്ടിയും ലഹരി ഉപയോഗവും നടത്തിയ സംഭവത്തിൽ അറപതോളം പേരാണ് പോലീസ് പിടിയിലായത്. മയക്കുമരുന്നുകൾ എത്തിച്ചവരുൾപ്പെടെ ഒൻപതു പേരെ കേസിൽ അറസ്റ്റു ചെയ്തിരുന്നു. അറസ്റ്റിലായവരിൽ മോഡലും നടിയുമായി യുവതിയും ഉൾപ്പെട്ടിരുന്നു.