കൊച്ചി: വാഗമണ്ണിലെ ലഹരിപ്പാർട്ടിക്കിടെ അറസ്റ്റിലായവരിൽ മോഡലും. തൃപ്പൂണിത്തുറക്കാരിയായ മോഡൽ ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മാതാപിതാക്കൾ ബംഗാളുകാരാണ്. മോഡൽ ജനിച്ചതും വളർന്നതും കൊച്ചിയിൽ. ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
അതേസമയം പാർട്ടിയിൽ പങ്കെടുക്കാനെത്തിയ 49 പേരെ മാതാപിതാക്കളെ വിളിച്ചുവരുത്തി പോലീസ് വിട്ടയച്ചു. ഡിഐജി നേരിട്ട് രക്ഷകർത്താക്കളുമായി സംസാരിച്ചു. ആവശ്യമെങ്കിൽ ഇവരെ വീണ്ടും ചോദ്യം ചെയ്യും.
വാഗമണ്ണിൽ ലഹരി നിശാപാർട്ടി സംഘടിപ്പിച്ചത് അറസ്റ്റിലായ നബീലും സൽമാനുമെന്നാണു പോലീസ് പറയുന്നത്. “ആട്രാ ആട്രാ’ എന്ന വാട്സ്ആപ് കൂട്ടായ്മയിലൂടെയാണ് പാർട്ടി സംഘടിപ്പിച്ചത്.
കോഴിക്കോട് സ്വദേശി അജയനും തൊടുപുഴ സ്വദേശി അജ്മലും ആയിരുന്നു വാട്സ്ആപ് കൂട്ടായ്മയുടെ അഡ്മിനുകൾ.മൂന്നു പേരുടെ പിറന്നാൾ ആഘോഷത്തിനാണു വാഗമണ്ണിൽ പാർട്ടി സംഘടിപ്പിച്ചത്.
ചെലവും ഇവരുടെ വകയായിരുന്നു. കൂട്ടായ്മയിലുള്ളത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 17 പേരാണ്. ലഹരി മരുന്നിൽ ഭൂരിഭാഗവും എത്തിച്ചതു തൊടുപുഴ സ്വദേശിയായ സഹീറെന്നും പോലീസ് കണ്ടെത്തി.
നിശാപാർട്ടിക്ക് എത്തിച്ച എൽഎസ്ഡി സ്റ്റാന്പ്, എംഡിഎംഎ, ഹെറോയിൻ, കഞ്ചാവ് ഉൾപ്പെടെയുള്ള മാരക ലഹരി വസ്തുക്കൾ പോലീസ് പിടിച്ചെടുത്തിരുന്നു. ലോക്കൽ പോലീസിനെ അറിയിക്കാതെ ആയിരുന്നു നർക്കോട്ടിക്ക് സെല്ലിന്റെ മിന്നൽ പരിശോധന.