തൊടുപുഴ: ഗ്രൂപ്പ് പോരിന്റെ പേരിൽ അവസാന നിമിഷത്തിൽ സീറ്റ് നിഷേധിക്കപ്പെട്ട മഹിള കോണ്‍ഗ്രസ് നേതാവിന്റെ ഫേസ് ബുക്ക് പോസ്റ്റ് വാൈറലായി.
അവസാന നിമിഷം വരെ സ്ഥാനാർഥിയാണെന്ന് ഉറപ്പു നൽകുകയും ഒരു വട്ടം പ്രചരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതിനു ശേഷം പാർട്ടി ചിഹ്നം മറ്റൊരാൾക്ക് നൽകി തന്നെ ഒഴിവാക്കിയതാണ് വേദനയ്ക്കിടയാക്കിയതെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നിഷ സോമൻ ഫേസ് ബുക്ക് കുറിപ്പിൽ പറയുന്നു.
തൊടുപുഴ നഗരസഭ 23-ാം വാർഡിലാണ് നിഷ സോമൻ യുഡിഎഫ് സ്ഥാനാർഥിയെന്ന നിലയിൽ പത്രിക നൽകിയിരുന്നത്.
നിഷ സോമനെ സ്ഥാനാർഥിയാക്കാനായിരുന്നു കെപിസിസി സ്ഥാനാർഥി നിർണയ സമിതിയുടെ തീരുമാനം.
ഇതനുസരിച്ച് ജനറൽ സെക്രട്ടറി കെ.പി.അനിൽകുമാർ ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിനു കത്തും നൽകി. തുടർന്നു ഡിസിസി പ്രസിഡന്റ് നിഷയെ ഫോണിൽ വിളിച്ച് ചിഹ്നം കൈപ്പറ്റണമെന്ന് നിർദേശിക്കുകയും ചെയ്തു.
ഇതിനിടെയാണ് ചിഹ്നം മറ്റൊരാൾക്കു നൽകിയതായി അവസാന നിമിഷം അറിയുന്നത്.മൽസരിക്കാൻ അനുമതി ലഭിച്ച നിഷ സോമൻ വാർഡിൽ ഫ്ളക്സുകൾ ഉൾപ്പെടെ സ്ഥാപിച്ച് പ്രചാരണം ആരംഭിച്ചിരുന്നു.
എന്നാൽ ഇന്നലെ വൈകുന്നേരം നോമിനേഷൻ പിൻവലിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതിനു തൊട്ടുമുന്‍പാണ് കൈപ്പത്തി ചിഹ്നം വാർഡിലെ മറ്റൊരു സ്ഥാനാർഥിക്ക് നൽകിയതായി ഇവർ അറിയുന്നത്. തുടർന്നു പത്രിക പിൻവലിക്കുകയും ചെയ്തു.
മികച്ച സംഘാടകയും വാഗ്മിയുമായ നിഷ സോമൻ കഴിഞ്ഞ തവണ നഗരസഭയിൽ മൽസരിച്ചിരുന്നു. ബിജെപിയുടെ സിറ്റിംഗ് സീറ്റിലാണ് അന്ന് സീറ്റ് നൽകിയിരുന്നത്.
ഗ്രൂപ്പ് പോരിന്റെ പേരിൽ മഹിള കാണ്‍ഗ്രസ് നേതാവിന് സീറ്റ് നിഷേധിച്ചത് പാർട്ടിപ്രവർത്തകർക്കിടയിൽ അമർഷത്തിനു കാരണമായിട്ടുണ്ട്. കമന്റുകളിൽ ഡിസിസിക്കെതിരേ രൂക്ഷ പ്രതികരണമാണ് പ്രവർത്തകർ നടത്തുന്നത്.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
എൻ്റെ പ്രിയമുള്ളവരെ മൽസരിക്കുന്നു എന്ന് നിങ്ങളെ അറിയിച്ച തു കൊണ്ട് പത്രിക പിൻവലിക്കുമ്പോഴും അതറിയിക്കാനുള്ള കടമയുണ്ടെന്ന് തോന്നി.
നോമിനേഷൻ പിൻവലിച്ചതിനെ കുറിച്ച് ഇത്തിരി കാര്യങ്ങൾ ….പത്രപ്രവർത്തനം പഠിച്ച ഞാൻ പൊതു പ്രവർത്തനത്തിന് ഇറങ്ങിയത് നല്ലൊരു സ്വപ്നം തലയ്ക്കു പിടിച്ചായിരുന്നു.
ഒന്നല്ല ഒരു പാട് സ്വപ്നങ്ങൾ എന്നു പറഞ്ഞാൽ അതാവും ശരി .. വീടില്ലാത്തവന് വീടായി മാറുക , ഭക്ഷണം തേടുന്നവന് ഭക്ഷണം എത്തിക്കുക … പാർശ്വവൽക്കപ്പെടുന്നവരോട് പക്ഷം ചേരുക അങ്ങനെ അങ്ങനെ … ഓരോ വഴികളിലൂടെ കടന്നു പോകുമ്പോഴും ഞാൻ ചിന്തിക്കും, ഒരു ജന പ്രതിനിധി യായാൽ ഇവിടെ എനിക്ക് എന്ത് ചെയ്യാൻ സാധിക്കും …. എന്ന് .
അങ്ങനെ പുഴയെയും മലകളെയും കാടുകളെയും മനുഷ്യരെയും വൃത്തിയുള്ള നഗരത്തെയും ചോർന്നൊലിക്കുന്ന വീടുകൾക്കു പകരം അടച്ചുറപ്പുള്ള വാർക്ക വീടുകളും സ്വപ്നം കണ്ട് ഞാൻ നടന്നു…തൊടുപുഴ നഗരസഭ ന്യൂമാൻ കോളേജ് വാർഡിൽ മത്സരിക്കാൻ KPCC അനുവാദം തന്നു കൊണ്ടുള്ള കത്ത് ലഭിച്ചപ്പോൾ എൻ്റെ സ്വപ്നങ്ങളുടെ നിറം കടുത്തതായ് . ..
കത്തു ലഭിച്ചപ്പോൾ മാത്രമാണ് ഞാൻ പ്രവർത്തിക്കാനിറങ്ങിയതും FB യിൽ പോസ്റ്റിട്ടതും . ഇന്നലെ ഉച്ചക്ക് DCC പ്രസിഡൻ്റ് ചിഹ്നം അനുവദിച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ സന്തോഷമായി .
നഗരത്തിലെമ്പാടും ഫ്ലക്സും വച്ചു. പക്ഷെ ഇന്ന് പിൻവലിക്കാനാള്ള സമയം പകൽ 3 മണി വരെ അദ്ദേഹം ചിഹ്നം അനുവദിച്ചുകൊണ്ടുള്ള കത്ത് എനിക്ക് നൽകിയില്ല .
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് സ്ഥാനാർത്ഥിയെ കണ്ടെത്താൻ സാധിക്കാത്ത BJP യുടെ കുത്തക വാർഡിൽ പാർട്ടിക്ക് വേണ്ടി മൽസരിച്ച് ബലിയാടായ ഒരു വ്യക്തിയാണ് ഞാൻ.
അഭിമാനത്തോടെയാണ് അന്ന് ഞാന തേറ്റെടുത്തത് .പൊതുജനമധ്യത്തിൽ അപമാനിക്കപ്പെട്ടു എങ്കിലും… കൈ ചിഹ്നത്തിലല്ലാതെയും , റിബലായും മൽസരിക്കാൻ എനിക്ക് താൽപ്പര്യമില്ലാത്തതുകൊണ്ടും , പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ താൽപ്പര്യമില്ലാത്തതുകൊണ്ടും ഞാൻ നോമിനേഷൻ പിൻവലിച്ചതായി അറിയിക്കുന്നു. … രണ്ടേ രണ്ടു ദിവസം … കോളേജ് വാർഡിലെ ഓരോരുത്തരും .. എന്നെ ഒരു പാട് സ്നേഹിച്ചു. .. ഭക്ഷണം തന്നു. നിങ്ങളിലൊരാളായ് കണ്ടു. … നന്ദി ….. ഒരു പാട്
…….എനിക്കറിയാം നിങ്ങൾ എൻ്റെ കൂടെയുണ്ടെന്ന് .കൂടെ നിന്നതിന് എൻ്റെ കൂട്ടുകാർക്ക് ഒരു പാട് നന്ദി. സ്നേഹപൂർവ്വംനിഷ സോമൻ തെറ്റയിൽ മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി