തലയോലപ്പറന്പ്: ലീഡർസ്ഥാനം രാജിവയ്ക്കുന്നതായി ക്ലാസ് ടീച്ചർക്കു കത്തെഴുതി സോഷ്യൽ മീഡിയയിൽ താരമായ ആറാം ക്ലാസുകാരിയെ തിരിച്ചറിഞ്ഞു. ക്ലാസിലെ സഹപാഠികൾ പറഞ്ഞാൽ കേൾക്കാത്തതിൽ മനംനൊന്ത് ക്ലാസ് ലീഡറായ ആറാം ക്ലാസുകാരി അധ്യാപികയ്ക്ക് എഴുതി നൽകിയ രാജിക്കത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
അവളുടെ അനുവാദത്തോടെ ടീച്ചർ തന്നെയാണ് ഹൃദയസ്പർശിയായ കുറിപ്പിനൊപ്പം ഈ രാജിക്കത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. കുഞ്ഞു ലീഡറുടെ നിഷ്കളങ്കമായ രാജിക്കത്ത് മണിക്കൂറുകൾക്കകം വൈറലായി മാറി. അതോടെ ഈ ആറാം ക്ലാസുകാരിയെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു പലരും.
തലയോലപ്പറന്പ് എ.ജെ. ജോണ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസുകാരി എസ്. ശ്രേയയാണു ക്ലാസ് ടീച്ചർ നിഷയ്ക്കു കഴിഞ്ഞ 25നു രാജിക്കത്ത് നൽകിയത്. മുതിർന്ന ആളുകൾ ഉത്തരവാദിത്വമേറ്റെടുത്തു രാജി സമർപ്പിക്കുന്നതു പോലുള്ള ജനാധിപത്യബോധം ഈ കുട്ടി പകർത്തിയതിലെ ആശ്ചര്യവും കുട്ടിയുടെ നിശ്ചയദാർഢ്യവും പന്ത്രണ്ടുകാരിയെ ഇതിനകം സ്കൂളിലും നാട്ടിലും ശ്രദ്ധേയയാക്കി.
ശ്രേയയുടെ കത്തിലെ നിഷ്കളങ്കത തിരിച്ചറിഞ്ഞ് അതു പോസ്റ്റ് ചെയ്ത അധ്യാപിക നിഷയ്ക്കും സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ്.