തൊടുപുഴ: ഡൽഹി നിസാമുദ്ദീനിൽ തബ്ലീഗ് സമ്മേളനത്തിൽ ഇടുക്കിയിൽ നിന്ന് കൂടുതൽ പേർ പങ്കെടുത്തിട്ടുണ്ടെന്ന സംശയത്തിൽ ആരോഗ്യ വകുപ്പ് പരിശോധന ആരംഭിച്ചു.
ഇടുക്കിയിൽ നിന്നും പങ്കെടുത്ത ആറു പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. നെടുങ്കണ്ടം, കുമ്മംകല്ല്, മടക്കത്താനം, വണ്ടിപെരിയാർ , കീരികോട് സ്വദേശികളാണ് ഇവർ. ഒരാൾ ആശുപത്രിയിലും മറ്റുള്ളവർ വീട്ടിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
ഈ മാസം ഏഴു മുതൽ പത്ത് വരെയാണ് ഇവർ ഡൽഹിയിലുണ്ടായത്. ഇവരിൽ ആർക്കും ഇതുവരെ രോഗ ലക്ഷണങ്ങളില്ലെന്നാണ് ആരോഗ്യ വിഭാഗം അറിയിച്ചത്.
ഇതിനിടെ കൂടുതൽ പേർ മത സമ്മേളനത്തിൽ പങ്കെടുത്തുവെന്ന സൂചനയെ തുടർന്ന് ആരോഗ്യ വിഭാഗം ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണത്തിലാണ്. തൊടുപുഴയ്ക്കു സമീപത്തുള്ള മേഖലയിൽ നിന്നും ഏതാനും പേർ പങ്കെടുത്തുതായി വിവരമുണ്ട്.
പ്രാഥമികമായി ലഭിച്ച വിവരങ്ങളനുസരിച്ച് തയാറാക്കിയ പട്ടിക ഇന്ന് രാവിലെ മുതൽ ആരോഗ്യ വകുപ്പ് പരിശോധിച്ചു വരികയാണ്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.