അധ്യാപിക, നര്‍ത്തകി, എജ്യുക്കേഷനിസ്റ്റ്, സ്‌പോര്‍ട് ടീം ഉടമ, ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയില്‍ അംഗമാകുന്ന ആദ്യ ഇന്ത്യന്‍ വനിത. ഇങ്ങനെ എത്രയെത്ര വിശേഷണങ്ങള്‍. ഈ വിശേഷണങ്ങളുടെ നേരെ കാണുന്ന പേര് നിതാ അംബാനി എന്നായിരിക്കും. ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ ഭാര്യ. ബിസിനസുകാരനായ ഏതൊരാളും കൊതിക്കും ഇതുപോലെയൊരു ഭാര്യയെ ലഭിക്കാന്‍. ബിസിനസുകാരന്റെ ആഡംബരപ്രേമിയായ ഭാര്യയായി അണിഞ്ഞൊരുങ്ങി നടക്കാനുള്ളതല്ല ജീവിതം എന്ന് നിത മനസിലാക്കിയിരുന്നു. അതിനാല്‍ തന്നെ ഐഎസ്എല്‍ ഉള്‍പ്പെടെയുള്ള റിലയന്‍സിന്റെ പല സംരംഭങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നതിനും നിതയ്ക്ക് മടിയുണ്ടായിരുന്നുല്ല. ബിസിനസ് തിരക്കുകള്‍ക്കിടെ ഭര്‍ത്താവിന്റെയും മക്കളുടെയും കാര്യങ്ങള്‍ നോക്കുന്ന നല്ലൊരു കുടുംബിനി കൂടിയാണ് നിത. മലയാളത്തിലെ ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിത മനസു തുറന്നു.
നിതാ അംബാനിയെന്ന കരുത്തുറ്റ വനിതയുടെ തന്റേടം സാക്ഷാല്‍ ധീരൂഭായ് അംബാനി വരെ അനുഭവിച്ചറിഞ്ഞിട്ടുണ്ട്.അംബാനി കുടുംബത്തിലേക്കുള്ള തന്റെ കടന്നുവരവിനിടയാക്കിയ ആ സംഭവത്തെക്കുറിച്ച് നിത പറയുന്നതിങ്ങനെ. ” ഒരു ദിവസം വീട്ടിലേക്ക് ഒരു ഫോണ്‍ വന്നു. ഫോണിന്റെ മറുതലയ്ക്കല്‍ നിന്ന് മുഴക്കമുള്ള ശബ്ദത്തില്‍ ഇങ്ങനെ പറഞ്ഞു. ”ഞാന്‍ ധീരുഭായ് അംബാനിയാണ്”. ഏതോ പൂവാലനാണെന്നാണ് ഞാന്‍ കരുതിയത്. ദേഷ്യത്തോടെ ഞാന്‍ ഫോണ്‍വച്ചു. അല്‍പനേരത്തിനു ശേഷം അദ്ദേഹം വീണ്ടും വിളിച്ചു. ഇത്തവണ ക്ഷമ നശിച്ച ഞാന്‍ മറുപടി പറഞ്ഞത് ഇങ്ങനെ ” നിങ്ങള്‍ ധീരുഭായ് അംബാനിയെങ്കില്‍ ഞാന്‍ എലിസബത്ത് ടെയ്‌ലറാണ്’. അദ്ദേഹം മൂന്നാം തവണ ഫോണ്‍വിളിച്ചപ്പോള്‍ അച്ഛനാണ് ഫോണെടുത്തത്. അപ്പോഴാണ് എനിക്ക് അമളി പറ്റിയെന്ന് മനസിലായത്”. അന്നു തന്നെ അദ്ദേഹം വിചാരിച്ചിരുന്നു ഇവളാണ് തന്റെ മരുമകളെന്ന്.
തന്റെയും മുകേഷിന്റെയും പ്രണയം സാഹസം നിറഞ്ഞതായിരുന്നുവെന്നും നിത പറയുന്നു. പ്രണയത്തിന്റെ ആദ്യ നാളുകളില്‍ മുകേഷ് എന്നെ കാണാന്‍ എത്തിയിരുന്നത് ബെന്‍സ് കാറിലായിരുന്നു. പിന്നെ കറക്കമായിരിക്കും. ഒരു ദിവസം എനിക്കൊരു കുസൃതി തോന്നി. ഇനി എന്റെയൊപ്പം ബസില്‍ വരണമെന്ന് ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. പ്രണയപരവശനായ അദ്ദേഹത്തിന് സമ്മതിക്കാതെ തരമില്ലായിരുന്നു. അന്നു മുതല്‍ ഞങ്ങളുടെ പ്രണയം പൂത്തത് ഡബിള്‍ ഡെക്കര്‍ ബസിന്റെ മുകള്‍ ഭാഗത്തെ ആദ്യ സീറ്റിലായിരുന്നു.ജുഹു ബീച്ചിലെ മണല്‍ത്തരികള്‍വരെ തങ്ങളുടെ പ്രണയത്തിന് സാക്ഷ്യം വഹിച്ചു. ജന്മദിനം ആഘോഷിക്കുന്നത് മുകേഷിന് ഇഷ്ടമല്ല എന്നാല്‍ ഞങ്ങളുടെ നിര്‍ബന്ധത്തിനു വഴങ്ങി 59-ാം ജന്മദിനം അദ്ദേഹം ആഘോഷിച്ചു.
പ്രൈമറി സ്‌കൂള്‍ അധ്യാപികയായാണ് നിതാ അംബാനി ഔദ്യോഗിക ജീവിതത്തിനു തുടക്കമിടുന്നത്. ആറുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മാസം തികയാതെ ഇഷയും ആകാശും പിറക്കുന്നതുവരെ അതു തുടര്‍ന്നു. മക്കള്‍ സ്‌കൂളില്‍ പോയിത്തുടങ്ങിയതോടെയാണ് ഗുജറാത്തില്‍ ആരംഭിച്ച പ്രൊജക്ടിന്റെ ചുമതല മുകേഷ് തന്നെ ഏല്‍പ്പിക്കുന്നതെന്ന് നിത പറയുന്നു. ആദ്യം പരിഭ്രമിച്ചെങ്കിലും പതിയെ ആ ഭയം മാറി. അധ്യാപികയായ പരിചയം വച്ചാണ് പിന്നീട് ധീരുഭായ് അംബാനി ഫൗണ്ടേഷന്‍ സ്‌കൂളുകള്‍ ആരംഭിക്കുന്നതെന്നും നിത പറയുന്നു. ഇങ്ങനെ തിരക്കുപിടിച്ച ജോലികള്‍ ചെയ്യുന്നതിനിടയിലും ചെറുപ്പക്കാരിയായിരിക്കാന്‍ നിത ശ്രദ്ധിക്കുന്നു. നൃത്തവും നീന്തലുമാണ് തന്റെ ചെറുപ്പത്തിന്റെ രഹസ്യമെന്ന് ഈ 53കാരി പറയുന്നു. ഈ തിരക്കുകള്‍ക്കിടയിലും താന്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ഉല്ലസിക്കാറുണ്ടെന്നും നിത പറയുന്നു. വര്‍ഷത്തില്‍ കുടുംബത്തിനൊപ്പം നാലോ അഞ്ചോ യാത്രകള്‍ നടത്തുമെന്ന് പറഞ്ഞ നിത ഈ സമയങ്ങളില്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്യുമെന്നു പറയുന്നു. എല്ലാ റോളുകളും പ്രിയപ്പെട്ടതാണെങ്കിലും അമ്മയെന്ന റോളിനാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതെന്നും നിത പറയുന്നു.