ഡെറാഡൂണ്‍: അവിഹിതബന്ധമെന്ന സംശയത്തിൽ ഭർത്താവും സുഹൃത്തും ചേർന്ന് നടിയെ കൊലപ്പെടുത്തി. പഞ്ചാബിലെ ടിവി അഭിനേത്രി അനിത സിംഗാണ് കൊല്ലപ്പെട്ടത്. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലാണു സംഭവം.
ഭർത്താവ് രവീന്ദർ പാൽ സിംഗാണ് അനിതയെ കൊലപ്പെടുത്തിയത്. പഞ്ചാബിലെ ഫിറോസ്പുർ സ്വദേശിയായ ഇയാൾ, സിനിമയിൽ അവസരം വാങ്ങിനൽകാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് നൈനിറ്റാളിൽ എത്തിച്ചത്.
നൈനിറ്റാളിലെ കലദുംഗിൽവച്ച് ഭക്ഷണത്തിൽ മയക്കുമരുന്ന് നൽകിയശേഷം രവീന്ദറും സുഹൃത്തായ കുൽദീപും ചേർന്ന് അനിതയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.
മൃതദേഹം തിരിച്ചറിയാതിരിക്കുന്നതിനു വേണ്ടി അനിതയുടെ മുഖം കത്തിച്ച് വികൃതമാക്കി. മൃതദേഹം കണ്ടെത്തിയിടത്തുനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് രവീന്ദറിനെ അറസ്റ്റ് ചെയ്യുന്നത്.
മറ്റൊരാളുമായി അനിതയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തിലാണു കൊല നടത്തിയതെന്ന് ഇയാൾ പോലീസിനോടു സമ്മതിച്ചു.