ഹരിപ്പാട്: കേരള ജനത മനുഷ്യത്വത്തിന്റെ മാതൃകയാണെന്ന് വെള്ളപ്പൊക്ക ദുരിതാശ്വാസപ്രവർത്തനങ്ങളിലൂടെ തെളിയിച്ചിരിക്കുകയാണെന്ന് റിലയൻസ് ഫൗ്ണ്ടേഷൻ ചെയർപേഴ്സണ്‍ നിത അംബാനി. മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിൽ കാട്ടിയ ആത്മാർഥതയും ധൈര്യവും അത്യന്തം ശ്ലാഘനീയവുമാണെന്നും അവർ പറഞ്ഞു.
റിലയൻസ് ഫൗണ്ടേഷൻ കേരളത്തിലെ പ്രളയ ബാധിതമേഖലകളിൽ നടത്തുന്ന ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനും അവലോകനത്തിനുമായാണ് അവർ ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട്ട് ഇന്നലെ എത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് 2.15 ഓടെ എൻടിപിസിയുടെ ചേപ്പാട് ടൗണ്‍ഷിപ്പിലെ ഹെലിപ്പാഡിൽ ഹെലിക്കോപ്റ്ററിൽ എത്തിയ നിതയും സംഘവും 2.30 ഓടെ എൻടിപിസിയുടെ പള്ളിപ്പാട് നാലുകെട്ടും കവലയിലുള്ള പന്പ്ഹൗസ് പരിസരത്തെ ദുരിതാശ്വാസക്യാന്പിലെത്തി ക്യാന്പംഗങ്ങളെ കണ്ടു. ദുരിതബാധിതരായ കുട്ടികൾ വരച്ച ചിത്രങ്ങൾ താത്പര്യപൂർവ്വം നോക്കിക്കണ്ടു.
കുട്ടികളോട് കുശലാന്വേഷണങ്ങൾ നടത്തുകയും കുട്ടികൾക്ക് കളർ പെൻസിലുകളും മറ്റും സമ്മാനങ്ങളുമടങ്ങിയ ബാഗുകളും വിതരണം ചെയ്തു. ഒന്നേകാൽ മണിക്കൂറോളം അന്തേവാസികളോടും ജനപ്രതിനിധികളോടുമൊപ്പം ചെലവഴിച്ച നിത വൈകുന്നേരം നാലോടെ തിരുവനന്തപുരത്തേക്കു പോയി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് റിലയൻസ് ഫൗണ്ടേഷന്റെ 21 കോടിയുടെ ധനസഹായത്തിന്റെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. 50 കോടിയുടെ വിവിധ ദുരിതാശ്വാസ സാമഗ്രികൾ ഫൗണ്ടേഷൻ നേരത്തെ തന്നെ എറണാകുളം, വയനാട്, ആലപ്പുഴ, ത്യശൂർ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി വിതരണം ചെയ്തിരുന്നു.