കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ആശ്വാസവുമായി റിലയന്‍സ് ഫൗണ്ടേഷന് ചെയര്‍പേഴ്സണും മുകേഷ് അംബാനിയുടെ ഭാര്യയുമായ നിതാ അംബാനി. പള്ളിപ്പാട് നാലുകെട്ടിന്‍കവലയിലെ എന്‍ടിപിസി പമ്പ് ഹൗസ് ക്യാമ്പിലെത്തിയ നിത അംബാനി ഒരു മണിക്കൂറോളം ദുരിതബാധിതരുമായി സമയം ചെലവഴിച്ചു.
അവരുടെ ആവശ്യങ്ങളും സങ്കടങ്ങളും കേട്ട നിത, കുട്ടികള്‍ക്കെല്ലാം ബാഗും ബുക്കും പേനയും പെന്‍സിലും നല്കി. വെള്ളത്തിന്റെ കുത്തൊഴുക്കിലും ജീവന് തിരിച്ചുപിടിച്ച അനുഭവങ്ങള്‍ നിത അംബാനി പലരോടും ചോദിച്ചറിഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് റിലയന്‍സ് വാഗ്ദാനം ചെയ്ത 71 കോടിയില്‍ 21 കോടി രൂപ അവര്‍ മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ നിയമസഭയിലെ ഓഫിസിലെത്തിയായിരുന്നു നിത അംബാനി ധനസഹായം നല്‍കിയത്. 50 കോടി രൂപയുടെ ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്തതിനു പുറമേയാണിത്. നവകേരള പുനര്‍നിര്‍മാണ പ്രക്രിയയില്‍ റിലയന്‍സ് ഫൗണ്ടേഷന് മുഖ്യപങ്ക് വഹിക്കുമെന്ന് അവര്‍ ഉറപ്പുനല്‍കി. വയനാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട എന്നീ ആറു ജില്ലകളിലാണ് റിലയന്‍സ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ആലപ്പുഴ ജില്ലയില്‍ സര്‍ക്കാരും എന്‍ടിപിസിയും റിലയന്‍സും ചേര്‍ന്ന് 17 ക്യാമ്പുകളാണ് തുറന്നത്. പ്രളയത്തില്‍ തകര്‍ന്ന സ്കൂള്‍ കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിന് റിലയന്‍സ് മുന്‍കൈ എടുക്കുമെന്നും നിത അംബാനി പറഞ്ഞു. കേരളത്തിലെ എല്ലാത്തരത്തിലുമുള്ള ജനജീവിതം സാധാരണ നിലയിലാകുന്നതുവരെ റിലയന്‍സ് ഫൗണ്ടേഷന്റെ സഹായസഹകരണങ്ങള്‍ ഉണ്ടായിരിക്കുമെന്നും നിത അറിയിച്ചു.
പ്രളയക്കെടുതി ബാധിതരെ രക്ഷപ്പെടുത്തുക, അവര്‍ക്കു ആശ്വാസമേകുക, അവരെ പുനരധിവസിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോട് കൂടി ഒരു ദീര്‍ഘ കാല പദ്ധതിയും റിലയന്‍സ് ഫൗണ്ടേഷന് ആവിഷ്കരിച്ചിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്തു വിവിധ പ്രളയ മേഖലകളില്‍ ദുരിതാശ്വാസ, സഹായ പരിപാടികളുമായി സജീവമാണ് റിലയന്‍സ് ഇന്‍ഡസ്ട്രിസ്സും, റിലയന്‍സ് ഫൗണ്ടേഷനും. റിലയന്‍സ് റീട്ടെയില്‍ വഴി 50,000 പേര് പാര്‍ക്കുന്ന 160 ഓളം ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ഇതിനകം ഭക്ഷ്യ സാധനങ്ങളും, ഗ്ലൂക്കോസും, സാനിറ്ററി നാപ്കിന്സും എത്തിച്ചു കഴിഞ്ഞു.
‘ഒരു ഉത്തരവാദിത്തപ്പെട്ട കോര്‍പറേറ്റ് ഫൗണ്ടേഷന് എന്ന നിലക്ക് റിലയന്‍സ് ഫൗണ്ടേഷന്റെ കടമയും ജോലിയുമാണ് കേരളത്തിലെ പ്രളയത്തിലകപ്പെട്ട സഹോദരി സഹോരന്മാരുടെ കഷ്ടതകള്‍ക്കൊപ്പം നിന്ന് അവരുടെ രക്ഷാ, ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളെ സജീവമായി പിന്തുണക്കുകയാണ് തങ്ങള്‍” റിലയന്‍സ് ഫൗണ്ടേഷന് പ്രസിഡന്റ് നിത എം.അംബാനി പറഞ്ഞു. കേരളത്തിലെ പ്രളയജലമൊഴിഞ്ഞു ജന ജീവിതം സാധാരണ നിലയിലാകുന്നത് വരെ ഫൗണ്ടേഷന് കേരളത്തിനൊപ്പമുണ്ടാകും” നിത അംബാനി കൂട്ടിച്ചേര്‍ത്തു.
വീടുകളില്‍ വെള്ളം കയറി നശിച്ച ഗൃഹോപകരണങ്ങള്‍ സൗജന്യമായി നന്നാക്കി നല്കാന് റിലയന്‍സ് ഡിജിറ്റലിന്റെ മേല്‍നോട്ടത്തില്‍ റിപ്പയര്‍ ക്ലിനിക്കുകള്‍ ആരംഭിക്കും. കേരളത്തിലങ്ങോളമിങ്ങോളം തടസ്സമില്ലാതെ ഫോണ്‍ ബന്ധത്തിനായി റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് ഡാറ്റ ഉള്‍പ്പെടെ 7 ദിവസത്തെ സൗജന്യ വോയ്സ് പാക്കും നല്‍കുന്നുണ്ട്. പ്രളയക്കെടുതിയില്‍ ആശ്വാസം പകരേണ്ടതിന് പകരം കേന്ദ്രം കേരളത്തോട് ചിറ്റമ്മ നയം സ്വീകരിക്കുന്ന അവസരത്തിലാണിത്.