അമ്പലപ്പുഴ: കേരളത്തിനുവേണ്ടി സൈക്കിൾ പോളോയിൽ മത്സരിക്കാൻ നാഗ്പുരിലെത്തി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിദാ ഫാത്തിമയുടെ കുടുംബത്തിന് നീതി ലഭിച്ചില്ലന്ന് ആക്ഷൻ കമ്മിറ്റി. മരണത്തിനുത്തരവാദികളായവരെ നിയമത്തിനു മുന്നിലെത്തിക്കുന്നതിലും കുടുംബത്തിനു സഹായം നൽകുന്നതിലും വീഴ്ച വരുത്തുന്നുവെന്നാണ് പരാതി.
മരണം സംഭവിച്ചിട്ട് ഒരു വർഷം ആകുമ്പോഴും പോസ്റ്റ്മോർട്ടം റിപ്പോർട്ടുപോലും കുടുംബത്തിനു നൽകിയിട്ടില്ല. കുടുംബത്തിനു സ്ഥലവും വീടും നിർമിച്ചു നൽകാമെന്ന് ഉറപ്പു നൽകിയിട്ടും നാളിതുവരെ നടപ്പായിട്ടില്ല.
ഇതിനിടെ സർക്കാർ നൽകിയ അഞ്ചുലക്ഷം രൂപ വസ്തു വാങ്ങാനായി മുൻകൂർ നൽകിയിരുന്നു. ബാക്കി തുക നൽകാമെന്നേറ്റ കാലാവധി കഴിഞ്ഞമാസം അവസാനിക്കുകയും ചെയ്തു. ഇതോടെ നൽകിയ പണം നഷ്ടപ്പെടുമെന്ന ഭീതിയിലാണ് കുടുംബം.
ഉറപ്പുകൾ പാലിക്കാത്ത സാഹചര്യത്തിൽ നിദാ ഫാത്തിമയ്ക്ക് നീതി നൽകണമെന്ന ആവശ്യവുമായി ജസ്റ്റീസ് ഫോർ നിദാ ഫാത്തിമയെന്ന പേരിൽ രൂപീകരിച്ച ആക്ഷൻ കൗൺസിൽ സമര പരിപാടികൾക്കു രൂപം നൽകുമെന്നു ചെയർമാൻ യു.എം. കബീറും ജനറൽ കൺവീനർ അഡ്വ. അൽത്താഫ് സുബൈറും പറഞ്ഞു.
കഴിഞ്ഞ വർഷം ഡിസംബർ 22നാണ് നാഗ്പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ കേരള ടീം അംഗം അമ്പലപ്പുഴ കാക്കാഴം സുഹ്റാ മൻസിൽ ഷിഹാബുദീൻ അൻസില ദമ്പതികളുടെ മകൾ നിദാ ഫാത്തിമ (10) മരണപ്പെട്ടത്.
നീർക്കുന്നം എസ്ഡിവി ഗവ. യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി നിദാ ഫാത്തിമ നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് നാഗ്പുരിൽ നടക്കുന്ന ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പരിശീലകനൊപ്പം യാത്രതിരിച്ചത്.
കടയിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം കടുത്ത ഛർദിയെത്തുടർന്ന് ആശുപത്രിയിലെത്തിച്ച കുട്ടിക്ക് ഇവിടെവച്ച് കുത്തിവയ്പ് എടുക്കുകയും തുടർന്ന് നില വഷളാവുകയുമായിരുന്നു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ലെന്നാണ് ആശുപത്രിയിൽനിന്നു ലഭിച്ച വിവരം.
ദേശീയ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനെത്തിയ നിദയടക്കമുള്ള കേരള താരങ്ങൾ നേരിട്ടത് കടുത്ത അനീതിയാണെന്ന് പരാതി ഉയർന്നിരുന്നു. കോടതി ഉത്തരവിലൂടെയാണ് നിദയുൾപ്പെട്ട സംഘം മത്സരത്തിനു പോയത്.