കാസര്‍ഗോഡ്: മാനന്തവാടി വിന്‍സന്റ് ഗിരിയിലെ നിതാരയും കുടുംബാംഗങ്ങളും ഈ ഈസ്റ്റര്‍ ദിനം ഇനിയൊരിക്കലും മറക്കില്ല.
ശനിയാഴ്ച അര്‍ധരാത്രി പിന്നിട്ട് ലോകം മനസാലെയെങ്കിലും ഉയിര്‍പ്പു തിരുനാളിന്റെ ആഹ്ലാദങ്ങളിലേക്കു കടക്കുമ്പോള്‍ നിതാര അന്നുരാവിലെ മുതല്‍ തുടങ്ങിയ ഒരു അലച്ചിലിന്റെ അവസാനപാദമായ ഒരു യാത്ര തുടങ്ങുകയായിരുന്നു.
ലോക്ക്ഡൗണില്‍ മൂന്നു പൂട്ടിട്ടു പൂട്ടിയ കാസര്‍ഗോഡ് നഗരത്തില്‍ നിന്ന് അങ്ങു ദൂരെ സ്വന്തം നാടായ വയനാട്ടിലേക്ക്.
രാത്രി പന്ത്രണ്ടുമണിയോടെ തുടങ്ങിയ യാത്ര മൂന്നു വാഹനങ്ങള്‍ മാറിക്കയറി മലയോരഹൈവേയിലൂടെ വയനാട് ജില്ലാ അതിര്‍ത്തി പിന്നിട്ട് ബോയ്സ് ടൗണിലെത്തിയപ്പോള്‍ പുലര്‍ച്ചെ നാലുമണിക്ക് ഉയിര്‍ത്തെഴുന്നേൽപ്പിന്റെ വിളംബരവുമായി പള്ളിമണികള്‍ മുഴങ്ങിത്തുടങ്ങിയിരുന്നു. മാനന്തവാടിയിലെ വീട്ടില്‍ കരഞ്ഞു തളര്‍ന്നുറങ്ങിയ മൂന്നുവയസുകാരന് റിച്ചു 23 ദിവസത്തിനു ശേഷം അന്നു വീണ്ടും അമ്മയെ കണികണ്ടുണര്‍ന്നു.
കാസര്‍ഗോഡ് സ്വകാര്യ സ്കൂളിലെ അധ്യാപികയായ നിതാരയും സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ഭര്‍ത്താവ് സുജിത്തും മൂന്നു വയസുകാരനായ മകനോടൊപ്പം കളക്ടറേറ്റിനു സമീപം വിദ്യാനഗറിലെ വാടകവീട്ടിലായിരുന്നു താമസം.
കുട്ടിയെ സിവില്‍ സ്റ്റേഷനിലെ ഡേ കെയറിലാക്കിയാണ് ഇരുവരും ജോലിക്കു പോയിരുന്നത്. കോവിഡിന്റെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിത്തുടങ്ങിയതോടെ ഡേ കെയര്‍ അടച്ചു. മകളെ കാണാനായി കാസര്ഗോഡെത്തിയിരുന്ന നിതാരയുടെ അച്ഛനമ്മമാര്‍ക്കൊപ്പം റിച്ചുവിനെ നാട്ടിലേക്കയക്കുന്നത് അങ്ങനെയാണ്.
പക്ഷേ സ്വന്തം സ്കൂള്‍ അടച്ചതോടെ നിതാരയും നാട്ടിലേക്കു പോകാനുള്ള ഒരുക്കത്തിലായിരുന്നു. വെള്ളിടി പോലെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടത് അപ്പോഴാണ്. ഇതോടെ അമ്മയും കുഞ്ഞും രണ്ടിടങ്ങളിലായി കുടുങ്ങി.
മകന്റെ അടുത്തേക്കു പോകാനോ അവനെ ഇങ്ങോട്ടു കൊണ്ടുവരാനോ അനുമതി തേടി നിതാര പലവട്ടം കളക്ടറേറ്റില്‍ ചെന്നെങ്കിലും ആദ്യമൊന്നും നിയമസംവിധാനങ്ങള്‍ കനിഞ്ഞില്ല.
ഒടുവില്‍ വയനാട് കളക്ടര്‍ അദീല അബ്ദുള്ളയുടെ സഹായത്തോടെ കാസര്‍ഗോഡ് ജില്ലയിലെ സ്പെഷല്‍ ഓഫീസര്‍ അല്‍കേഷ് കുമാര്‍ ശര്‍മയുടെ മുന്നില്‍ വിഷയമെത്തിച്ചു.
അദ്ദേഹം കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ സജിത് ബാബുവിനും ഐജി വിജയ് സാഖറെയ്ക്കും നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച രാവിലെ 11 ന് കളക്ടറേറ്റിലെത്താന്‍ നിതാരയ്ക്ക് നിര്‍ദേശം ലഭിച്ചു.
രാവിലെ കളക്ടറേറ്റിലെത്തിയ യുവതി വിവിധ സെക്ഷനുകള്‍ കയറിയിറങ്ങി കാത്തിരുന്നു. ഇതിനിടയില്‍ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ മുഖേന ഉമ്മന്‍ ചാണ്ടിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം അന്‍വര്‍ മാങ്ങാട് മുഖേന കെ. സുധാകരന് എംപിയും വിഷയത്തില്‍ ഇടപെട്ടു സംസാരിച്ചിരുന്നു.
ഒടുവില്‍ നിയമക്കുരുക്കുകളഴിഞ്ഞ് വയനാട്ടിലേക്കുള്ള യാത്രാ പാസ് ലഭിച്ചപ്പോള്‍ സമയം വൈകുന്നേരം അഞ്ചുമണി. വൈകുന്നേരം ആറു മുതല്‍ ഞായറാഴ്ച രാവിലെ എട്ടു വരെയുള്ള 14 മണിക്കൂര്‍ സമയമാണ് പാസില്‍ രേഖപ്പെടുത്തിയിരുന്നത്.
വിശ്രമിക്കാനും നേരം പുലരാനും കാത്തുനിന്നാല്‍ പാസ് വീണ്ടും ലാപ്സാകുന്ന സാഹചര്യം. പാസില്‍ രേഖപ്പെടുത്തിയ നമ്പറുമായുള്ള വാഹനത്തില്‍ വയനാട് വരെ ചെന്നാല്‍ വാഹനമുള്‍പ്പെടെ 14 ദിവസം ക്വാറന്റൈനില്‍ നില്‍ക്കേണ്ടിവരുമെന്ന വ്യവസ്ഥ അടുത്ത കീറാമുട്ടിയായി.
വാടകയ്ക്കെടുത്ത വാഹനം അത്രയും ദിവസം കൈയില്‍ വയ്ക്കാന്‍ കഴിയാത്ത അവസ്ഥ. മുഖ്യമന്ത്രിയുടെ ഓഫീസിലെ കോവിഡ് സെല്ലില്‍ വിളിച്ചു സഹായം തേടിയപ്പോള്‍ ഓരോ ജില്ലയിലും ഓരോ വാഹനം എന്ന രീതിയില്‍ മൂന്ന് വാഹനങ്ങളിലായി പോകാന്‍ അനുമതി കിട്ടി. കാസര്‍ഗോഡ് നിന്നു വിട്ടുനില്‍ക്കാന്‍ കഴിയാത്ത സാഹചര്യമുള്ളതിനാല്‍ സുജിത്തിന് വയനാട് വരെ കൂടെച്ചെല്ലാന്‍ കഴിയാത്ത അവസ്ഥയുമായിരുന്നു.
ഇതോടെ നേരം പുലര്‍ന്നു പാസ് ലാപ്സാകുന്നതിനുമുമ്പ് അമ്മയെ കുഞ്ഞിനരികിലെത്തിക്കാന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജോമോന് ജോസിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ തയാറായി. നിതാരയും ഭര്‍ത്താവ് സുജിത്തും രാത്രി 12 മണിക്ക് സ്വകാര്യ വാഹനത്തില്‍ യാത്ര പുറപ്പെട്ടു.
നീലേശ്വരത്തു നിന്ന് ചിറ്റാരിക്കാല്‍ വരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് സൂരജ് വഴികാട്ടിയായി കൂടെ ചേര്‍ന്നു. ചിറ്റാരിക്കാലിനടുത്തെത്തിയപ്പോള് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഷോണി കെ. തോമസ്, ലിജോ എന്നിവര്‍ സഹപ്രവര്‍ത്തകനായ ജിസന്‍ ജോര്‍ജിന്റെ കാറില്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നു. നിതാരയെ ഇവര്‍ക്കൊപ്പം കയറ്റി സുജിത് മടങ്ങി. ചിറ്റാരിക്കാലില്‍ നിന്ന് വെളുപ്പിന് രണ്ടരയോടെ ആലക്കോടെത്തിയപ്പോള്‍ ജോമോന് ജോസും ഇവര്‍ക്കൊപ്പം ചേര്‍ന്നു.
മൂന്നുമണി പിന്നിട്ടപ്പോള്‍ ഉളിക്കല്‍ എത്തി. അവിടെ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസും സെക്രട്ടറി ശരത് ചന്ദ്രനും മറ്റൊരു വാഹനത്തില്‍ കാത്തുനില്ക്കുകയായിരുന്നു. നിതാരയെ ഇവര്‍ക്കൊപ്പം അയച്ചു ജോമോനും സംഘവും മടങ്ങി.
ഇവിടെനിന്ന് ഇരിട്ടിയും കൊട്ടിയൂരും പാല്ച്ചുരവും കഴിഞ്ഞ് ബോയ്സ് ടൗണിലെത്തുമ്പോള്‍ പുലര്‍ച്ചെ നാലുമണി പിന്നിട്ടിരുന്നു. നിതാരയുടെ അച്ഛന് ശശിയും അമ്മ സിസിലിയും ഇവിടെ കാത്തുനില്പുണ്ടായിരുന്നു. നിതാരയെ അവര്‍ക്കൊപ്പം ഏൽപ്പിച്ച് സുദീപും സംഘവും ചുരമിറങ്ങി.
അച്ഛനും അമ്മയും ഒരുക്കിവച്ചിരുന്ന നാലാമതൊരു വാഹനത്തില്‍ നിതാര വീട്ടിലെത്തുമ്പോഴേക്ക് സമയം അഞ്ചുമണിയോടടുത്തായിരുന്നു. മൂന്നുവയസുകാരന് റിച്ചു ഈസ്റ്റര്‍ സമ്മാനം തന്നെ കാത്തുനില്ക്കുന്നതറിയാതെ അപ്പോഴും ഉറക്കത്തിലായിരുന്നു.