ബംഗളുരു: വിവാദ ആൾദൈവം സ്വാമി നിത്യാനന്ദയുടെ രാജ്യത്തെ പ്രധാനമന്ത്രി ദക്ഷിണേന്ത്യൻ നടിയെന്ന് റിപ്പോർട്ട്. “മാ’ എന്ന പേരിൽ അറിയപ്പെടുന്ന ആളാണ് കൈലാസത്തിലെ പ്രധാനമന്ത്രി. ഇത് വിവാദ നടി രഞ്ജിതയാണെന്നാണ് റിപ്പോർട്ട്. 2013ൽ നിത്യാനന്ദയുടെ ആശ്രമത്തിൽ ചേർന്ന നടി രഞ്ജിത “മാ ആനന്ദമയി’ എന്നാണ് അറിയപ്പെടുന്നത്. ഇവരെയാണ് കൈലാസത്തിന്റെ പ്രധാനമന്ത്രിയായി നിയമിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
രഞ്ജിതയുമൊത്തുള്ള നിത്യാനന്ദയുടെ നഗ്നദൃശ്യമടങ്ങിയ വീഡിയോ 2010-ൽ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ നിത്യാനന്ദ വിവാദത്തിലാകുകയും ബലാത്സംഗ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് നിത്യാനന്ദയെ പിന്തുണച്ച് രഞ്ജിത രംഗത്ത് എത്തിയിരുന്നു. വീഡിയോ പ്രചരിപ്പിച്ചവർക്കെതിരേ രഞ്ജിത കേസ് കൊടുത്തിരുന്നു.
ഇക്വഡോറിലെ ഒരു ദ്വീപ് വിലയ്ക്കു വാങ്ങിയാണ് നിത്യാനന്ദ രാജ്യം സ്ഥാപിച്ചിരിക്കുന്നത്. “കൈലാസ’ എന്നാണ് രാജ്യത്തിന്റെ പേര്. കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് നിത്യാനന്ദ. ഭൂമിയിലെ ഏറ്റവും വലിയ ഹൈന്ദവരാജ്യമെന്നാണ് കൈലാസ രാജ്യത്തെ നിത്യാനന്ദ വിശേഷിപ്പിക്കുന്നത്.
അതിർത്തികളില്ലാത്ത രാജ്യമാണ് കൈലാസമെന്നും സ്വന്തം രാജ്യത്ത് ഹൈന്ദവമതാനുഷ്ഠാനങ്ങൾ അതിന്റെ പരിശുദ്ധിയോടെ ആചരിക്കുവാൻ സാധിക്കാത്ത ലോകത്തെന്പാടുമുള്ള ഹൈന്ദവർ ചേർന്നാണ് പുതിയ രാജ്യം രൂപീകരിച്ചിരിക്കുന്നതെന്നും രാജ്യത്തിന്റെ വെബ്സൈറ്റിൽ പറയുന്നു.
രാജ്യത്തിന് സ്വന്തമായി പാസ്പോർട്ടും പതാകയും മുദ്രയുമുണ്ട്. നിത്യാനന്ദ പാസ്പോർട്ടിന്റെ മാതൃകയും പുറത്തുവിട്ടിട്ടുണ്ട്. രണ്ടുതരം പാസ്പോർട്ട് ഉണ്ട്. കടുംകാവി നിറത്തിൽ നിത്യാനന്ദയും ശിവനും ഉൾപ്പെടുന്ന ചിത്രവും നന്ദി വിഗ്രഹവും അടങ്ങുന്നതാണ് പതാക. കൈലാസ രാജ്യം യോഗ, ധ്യാനം, ഗുരുകുല വിദ്യാഭ്യാസ രീതി എന്നിവയിൽ അധിഷ്ഠിതമാണെന്നും സൗജന്യ ആരോഗ്യപരിചരണവും സൗജന്യ വിദ്യാഭ്യാസവും സൗജന്യ ഭക്ഷണവും എല്ലാവർക്കും ക്ഷേത്ര അധിഷ്ഠിത ജീവിതരീതിയും അത് മുന്നോട്ടുവയ്ക്കുന്നതായും വെബ്സൈറ്റിലുണ്ട്.
സ്വന്തം രാജ്യത്തെ പൗരന്മാരാകാൻ ആളുകളെ ക്ഷണിക്കുന്ന രാജ്യത്തിനായി നിത്യാനന്ദ സംഭാവനയും തേടുന്നുണ്ട്. കൈലാസത്തിൽ ആഭ്യന്തരം, പ്രതിരോധം, വാണിജ്യം, വിദ്യാഭ്യാസം, വിദേശകാര്യം തുടങ്ങിയ വകുപ്പ് മന്ത്രിമാരും ഉപമുഖ്യമന്ത്രിയും ചുമതലയേറ്റിട്ടുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നിവയാണ് കൈലാസത്തിലെ ഒൗദ്യോഗിക ഭാഷകളെന്നും പത്തുകോടിയിലധികം ശൈവരാണ് രാജ്യത്തുള്ളതെന്നും വെബ്സൈറ്റിൽ അവകാശപ്പെടുന്നുണ്ട്.
താമരയാണ് ഒൗദ്യോഗിക പുഷ്പം. കൈലാസത്തിൽ ഷരഭം ദേശീയ പക്ഷിയും നന്ദി ദേശീയ മൃഗവുമാണ്. ദേശീയ വൃഷം ആൽമരമാണ്. 2018 ഒക്ടോബറിലാണ് വെബ്സൈറ്റ് നിർമിച്ചതെന്നാണ് സൈബർ വിദഗ്ധർ പറയുന്നത്. 2019 ഒക്ടോബർ 10നാണ് അവസാനമായി സൈറ്റ് അപ്ഡേറ്റ് ചെയ്തിരിക്കുന്നത്.
ഏതാനുംമാസം മുന്പ് ഗുജറാത്തിലെ അഹമ്മദാബാദിലെ ആശ്രമത്തിലേക്ക് ഏതാനും പെണ്കുട്ടികളെ തട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ചതായി പരാതി ഉയർന്നതിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിരുന്നു. ഇതിനു പിന്നാലെ നിത്യാനന്ദയെ കാണാതായി. സംഭവത്തിൽ നിത്യാനന്ദയുടെ രണ്ട് ശിഷ്യകളുൾപ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും നിത്യാനന്ദ രാജ്യത്തുനിന്ന് മുങ്ങിയതായി കണ്ടെത്തുകയായിരുന്നു.