ചെറുപുഴ: കോവിഡ് മഹാമാരി ഭീതിജനകമാം വിധം വർധിക്കുമ്പോൾ സന്നദ്ധ സേവനത്തിന്റെ അനുകരണീയ മാതൃകയാകുകയാണ് ചെറുപുഴ പഞ്ചായത്തിലെ പ്രാപ്പോയിൽ സ്വദേശിയായ നിതീഷ് എന്ന യുവാവ്.
സ്വന്തം ജീവന് പോലും അവഗണിച്ചാണ് നിതീഷ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്.
കോവിഡ് പോസിറ്റീവായവര്‍ എത്തിയ സ്ഥലങ്ങളും ക്വാറന്റൈന് കേന്ദ്രങ്ങളും അണുവിമുകതമാക്കുകയെന്ന വെല്ലുവിളി ഏറ്റെടുത്തുകൊണ്ടാണ് നിതീഷ് കോവിഡിനെതിരെയുള്ള പോരാട്ടം നടത്തുന്നത്.
ഒന്നര വര്‍ഷത്തിനിടെ 117 ക്വാറന്റൈന് കേന്ദ്രങ്ങളാണ് നീതിഷ് അണുവിമുക്തമാക്കിയത്. രോഗബാധിതരുമായി സമ്പര്‍ക്കമുണ്ടായ മറ്റു സ്ഥലങ്ങളുടെ എണ്ണം അതിലും ഇരട്ടിയാണ്.
കോവിഡിന്റെ ഒന്നാം വരവില്‍ പരിചയക്കാരിലൊരാള്‍ ക്വാറന്റൈനില്‍ കഴിയേണ്ടി വന്നപ്പോള്‍ ആ വീടും പരിസരവും അണുവിമുക്തമാക്കാന്‍ മുന്‍കൈയെടുത്ത് ഇറങ്ങിത്തിരിച്ചതാണ് നിതീഷ്.
കോവിഡ് പോസിറ്റീവ് എന്നല്ല, നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പോലും താമസിക്കുന്ന പ്രദേശത്തിന് അടുത്തേക്കു പോലും പോകാന്‍ ആളുകള്‍ ഭയപ്പെട്ടിരുന്ന നാളുകളിലാണ് നീതിഷ് ഈ രംഗത്തേക്ക് ധൈര്യമായി ഇറങ്ങിത്തിരിച്ചത്. അതും അണുനാശിനിയുടെ വില മാത്രം ഈടാക്കിക്കൊണ്ട്.
പലപ്പോഴും അണുനാശിനി ഉണ്ടാക്കാനുള്ള മരുന്നുകളുടെ വില പോലും പലരിൽ നിന്നും വാങ്ങാറില്ല.
തദ്ദേശസ്ഥാപനങ്ങളിൽ അധികൃതര്‍ ആവശ്യപ്പെട്ടപ്പോഴും നീതിഷ് പ്രതിഫലം കൂടാതെ അണുനശീകരണം നടത്തിക്കൊടുത്തു. ഇതിനകം തന്നെ നിതീഷ് സോഷ്യല്‍ മീഡിയയില്‍ താരമായിക്കഴിഞ്ഞു.
പ്രാപ്പൊയില്‍ സ്വദേശിയായ നിതീഷ് പെയിന്റിംഗ് ജോലികള്‍ കരാറെടുത്തു നടത്തുകയാണ്. തന്റെ ജോലി മാറ്റിവച്ചാണ് പലപ്പോഴും അണുനശീകരണത്തിനായി ഈ യുവാവ് ഓടിനടക്കുന്നത്.