പട്ന: പൊതുവേദയിൽ ദേശീയഗാനം ആലപിക്കുന്നതിനിടെ ചിരിക്കുകയും സംസാരിക്കുകയും ചെയ്ത ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വിവാദത്തിൽ. പട്നയിൽ നടന്ന കായിക പരിപാടിക്കിടെയാണു സംഭവം.
ദേശീയ ഗാനം ആലപിക്കുന്നതിനിടെ നിതീഷ് കുമാർ, ഐഎഎസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ദീപക് കുമാറിനോടു ചിരിച്ചുകൊണ്ട് സംസാരിക്കുന്നതു വീഡിയോയിൽ കാണാം.
നിതീഷ് കുമാർ, ഉദ്യോഗസ്ഥന്റെ തോളിൽ തട്ടുന്നതും വേദിയിലുണ്ടായിരുന്ന ഒരാളെ നോക്കി കൈ കൂപ്പുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. നിതീഷിന്റെ ചെയ്തികളെ ദീപക് കുമാർ നിരുത്സാഹപ്പെടുത്തുന്നതും ദൃശ്യങ്ങളിലുണ്ട്.
സംഭവത്തിൽ പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തി. മുഖ്യമന്ത്രി ദേശീയഗാനത്തെ അപമാനിച്ചെന്നും എല്ലാ ദിവസവും യുവാക്കളെയും വിദ്യാർഥികളെയും സ്ത്രീകളെയും പ്രായമായവരെയും അപമാനിക്കുകയാണെന്നും പ്രതിപക്ഷനേതാവ് തേജസ്വി യാദവ് പറഞ്ഞു.
മൊബൈൽ ഫോണുകളുടെ ഉപയോഗം പത്ത് വർഷത്തിനുള്ളിൽ ഭൂമിയുടെ നാശത്തിലേക്ക് നയിക്കുമെന്ന നിതീഷ് കുമാറിന്റെ പ്രസ്താവന അടുത്തിടെ വിവാദമായിരുന്നു. ബിഹാറിന് ഇത്രയും യാഥാസ്ഥിതികനായ മുഖ്യമന്ത്രിയുണ്ടായതു നിർഭാഗ്യകരവും അപലപനീയവുമാണെന്നു പ്രതിപക്ഷം ആക്ഷേപിക്കുന്നു.