നിയാസ് മുസ്തഫ
ബിജെപിയുമായും കേന്ദ്രസർക്കാരുമായും പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെങ്കിലും നിതീഷ് കുമാർ ഇത്ര തിടുക്കത്തിൽ സഖ്യം ഉപേക്ഷിക്കുമെന്ന് ബിജെപി നേതാക്കൾ കരുതിയില്ലെന്നു വേണം മനസിലാക്കാൻ.
ബിജെപി ബന്ധം നിതീഷ് കുമാർ ഒഴിവാക്കുന്നതിന് രണ്ടുദിവസം മുന്പ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിതീഷ് കുമാറിനെ ഫോണിൽ വിളിച്ചിരുന്നു.
കഴിഞ്ഞ ശനിയാഴ്ച ഡൽഹിയിൽ പ്രധാനമന്ത്രി വിളിച്ചുചേർത്ത മുഖ്യമന്ത്രിമാരുടെ നീതി ആയോഗ് യോഗത്തിൽനിന്ന് നിതീഷ് കുമാർ വിട്ടു നിന്നതോടെ അപകടം മണത്താണ് അമിത് ഷാ നിതീഷ് കുമാറിനെ വിളിച്ചത്. നിതീഷിന്റെ പിണക്കം മാറ്റുകയെന്നതും ലക്ഷ്യം വച്ചിരുന്നു.
“ഒന്നും പേടിക്കാനില്ല’ എന്നായിരുന്നു അമിത് ഷായോട് നിതീഷ് നൽകിയ മറുപടിയെന്ന് ബിജെപി നേതാവ് സുശീൽ കുമാർ മോദി വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി പല തവണ നിതീഷുമായി പല കാര്യങ്ങളും സംസാരിച്ചിട്ടുണ്ട്. എന്നാൽ അന്നൊന്നും നിതീഷ് ഒരു പരാതിയും പറഞ്ഞില്ലെന്നും സുശീൽ കുമാർ മോദി കൂട്ടിച്ചേർത്തു.
അന്നേ പറഞ്ഞതാ…
2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നിതീഷുമായുള്ള ബിജെപിയുടെ സഖ്യത്തോട് താല്പര്യമില്ലാത്തവരും പാർട്ടിയിൽ ഉണ്ടായിരുന്നുവെന്നാണ് കേന്ദ്രമന്ത്രി ആർ.കെ. സിംഗിന്റെ പ്രസ്താവന വെളിപ്പെടുത്തുന്നത്.
നിതീഷിനൊപ്പം സഖ്യം വേണ്ടെന്ന് താനുൾപ്പെടെ പല നേതാക്കളും പറഞ്ഞതാണ്. എന്നാൽ ദേശീയ നേതൃത്വം അംഗീകരിച്ചില്ല- ആർ.കെ. സിംഗ് പറഞ്ഞിരുന്നു.
സഖ്യകക്ഷിയെന്ന നിലയിൽ ബിജെപി എല്ലാ മര്യാദകളും ജെഡിയുവിനോട് കാട്ടിയിട്ടുണ്ട്. ഞങ്ങളെ വഞ്ചിച്ചത് നിതീഷ് കുമാറാണ്- കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പറയുന്നു.