ഇടുക്കി അടിമാലിയില്‍ നടന്‍ ബാബുരാജിനെ വെട്ടിയ കേസില്‍ പ്രതിയായ വ്യക്തിയുടെ മകനെ ഇലവീഴാപൂഞ്ചിറയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരുട്ടുകാനം കമ്പിലൈന്‍ തറമുട്ടത്തില്‍ സണ്ണിയുടെ മകന്‍ നിതിന്‍ മാത്യു (29) ആണ് മരിച്ചത്. നിതിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
പുതുവര്‍ത്ത രാവിലാണ് ഇലവീഴാപൂഞ്ചിറയില്‍ നിതിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുങ്ങി മരണമാണെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പോലീസ് മറ്റു സാധ്യതകളും തേടുന്നുണ്ട്. മൃതദേഹത്തില്‍ കണ്ട പരിക്കുകളും മൂക്കില്‍ നിന്നുള്ള രക്ത പ്രവാഹവുമായിരുന്നു വീട്ടുകാരുടെ ഇത്തരത്തിലുള്ള സംശയത്തിന് മുഖ്യ കാരണം.
മേലുകാവ് എസ് ഐ കെ റ്റി സന്ദീപിനോട് വീട്ടുകാര്‍ തങ്ങളുടെ സംശയങ്ങള്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ബന്ധുക്കളുടെ സാന്നിദ്ധ്യത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോലീസ് സര്‍ജ്ജനാണ് മൃതദ്ദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്. കൂട്ടുകാര്‍ക്കൊപ്പമാണ് നിതിന്‍ ഇലവീഴാപൂഞ്ചിറയില്‍ എത്തിയത്.