സെബി മാളിയേക്കൽ
“ഒരു പൂ മാത്രം ചോദിച്ചു, ഒരു പൂക്കാലം നീ തന്നു’
എന്ന വരികൾ സ്വജീവിതത്തിൽ അന്വർഥമായതിന്റെ ത്രില്ലിലാണ് അരണാട്ടുകര ചിറമ്മൽ ഡേവിസിന്റെയും മിനിയുടെയും മകൻ നിതിൻ. സംസാരം വ്യക്തമല്ലെങ്കിലും നടക്കാൻ പരസഹായം വേണമെങ്കിലും സെറിബ്രൽ പാൾസി ബാധിച്ച ഈ ഇരുപത്തിയൊന്നുകാരൻ കീബോർഡിൽ ഇന്ന് അരങ്ങേറ്റം നടത്തുന്നതു പിയാനോ വിസ്മയമായ സാക്ഷാൽ സ്റ്റീഫൻ ദേവസിയോടൊപ്പം. സ്റ്റീഫന്റെ കടുത്ത ആരാധകനായ നിതിൻ അദ്ദേഹത്തെ ഒന്നു നേരിൽ കാണണമെന്നേ ആശിച്ചിരുന്നുള്ളൂ. പക്ഷേ, ആദ്യ കണ്ടുമുട്ടലിൽ തന്നെ നിതിനു ലഭിച്ചത് ഒരു ബന്പർ ലോട്ടറിയാണ്. അതേക്കുറിച്ചു നിതിൻതന്നെ പറയട്ടെ:
“ടാനിയ ചേച്ചിയാണ് സ്റ്റീഫൻ ചേട്ടന്റെ മൊബൈൽ നന്പർ തന്നത്. അങ്ങനെ ഒരിക്കൽ വിളിച്ചു സംസാരിച്ചു. ചേട്ടനെന്നെ കീ ബോർഡ് പഠിക്കാൻ ഏറെ പ്രോത്സാപിപ്പിച്ചു. യു ട്യൂബിലൂടെ ചേട്ടന്റെ പല ഷോകളും കണ്ടു. പലതവണ ഫോണിൽ ചാറ്റ് ചെയ്തു. ഞങ്ങൾ തമ്മിൽ വലിയ അടുപ്പമായി. ഞാൻ കീ ബോർഡ് വായിക്കുന്നതു റെക്കോർഡ് ചെയ്ത് സെൻഡ് ചെയ്തു. ഒടുവിൽ കഴിഞ്ഞമാസം 25നു നിർമലമാത സ്കൂളിൽ സ്റ്റീഫൻ ചേട്ടന്റെ പ്രോഗ്രാമിനു ഞാനും പപ്പയും മമ്മിയും കൂടി പോയി.
കണ്ട ഉടനെ ചേട്ടൻ ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു പറഞ്ഞു: “”വാടാ ചക്കരേ, നമുക്കു ഫോട്ടോ എടുക്കണ്ടേ…” ഫോട്ടോയെടുപ്പും കുശലാന്വേഷണവുമെല്ലാം കഴിഞ്ഞിട്ടു ചേട്ടനെന്നോടു പറഞ്ഞു. “”നീ നാലഞ്ചു പാട്ടു പഠിക്ക്; ഡിസംബർ 18നു വിയ്യൂർ സെൻട്രൽ ജയിലിൽ എന്റെ പ്രോഗ്രാമുണ്ട്. നമുക്കു തകർക്കാടാ ചക്കരേ” നിറകണ്ണുകൾ തുടച്ചു നിതിൻ പറഞ്ഞു നിർത്തി.
സ്റ്റീഫന്റെ മോട്ടിവേഷൻമൂലം കീ ബോർഡ് പഠിക്കാനാഗ്രഹിച്ചെങ്കിലും വീട്ടിൽവന്നു പഠിപ്പിക്കാൻ അന്വേഷിച്ചിട്ട് ആരെയും കിട്ടിയില്ല. ചേതനപോലുള്ള മ്യൂസിക് അക്കാദമികളിൽ അന്വേഷിച്ചെങ്കിലും ഒരിടത്തും ഗ്രൗണ്ട് ഫ്ലോറിൽ ക്ലാസുകൾ ഇല്ലാത്തതിനാൽ അതും സാധ്യമായില്ല. ഒടുവിൽ ഖത്തർ എയർവേയ്സിലെ എയർഹോസ്റ്റസായ ചേച്ചി ടാനിയതന്നെയാണ് ഇന്റർനെറ്റുവഴി നോട്ട്സ് ഡൗണ്‍ലോഡ് ചെയ്തു കൊടുത്തത്.
ഇപ്പോൾ പുതിയ പുതിയ പാട്ടുകൾ നിതിൻതന്നെ ഡൗണ്‍ലോഡ് ചെയ്തു പഠിക്കുകയാണ്.അരങ്ങേറ്റം അവിസ്മരണീയമാക്കാൻ “മിനുങ്ങും മിന്നാമിനുങ്ങേ, “തുന്പീവാ… തുന്പക്കുടത്തിൻ തുഞ്ചത്തായ് ഉൗഞ്ഞാലിടാം’ എന്നീ അഞ്ചു പാട്ടുകളാണ് പഠിച്ചു വച്ചിരിക്കുന്നത്. ഇതിൽ രണ്ടു തമിഴ്പാട്ടുകളും ഒരു ഹിന്ദിയും ഉൾപ്പെടും.
അസുഖംമൂലം വൈകിയാണു നിതിനെ സ്കൂളിൽ ചേർത്തത്. കുറ്റൂർ സ്വാശ്രയ സ്കൂളിലായിരുന്നു പഠനം. പിന്നെ തൃശൂർ വിവേകോദയം ബോയ്സ് ഹൈസ്കൂളിൽ. 2015 മാർച്ചിൽ എസ്എസ്എൽസി പാസായെങ്കിലും പ്ലസ് വണ്ണിനു ചേർന്നില്ല. ഇപ്പോൾ കുറ്റൂർ സ്പെഷൽ സ്കൂളിൽതന്നെ കംപ്യൂട്ടർ പഠിക്കുന്നുണ്ട്.
റിട്ടയേഡ് എയർഫോഴ്സ് ഉദ്യോഗസ്ഥനായ ഡേവിസ് മുതവറയിലെ കടയിലേക്കു പോകുംവഴി നിതിനെ സ്കൂളിലാക്കുകയും വൈകീട്ട് തിരികെ കൊണ്ടുവരികയും ചെയ്യും. ടാനിയയെ കൂടാതെ കുടുംബസമേതം അയർലൻഡിൽ താമസിക്കുന്ന ഡെനി എന്ന ഒരു സഹോദരി കൂടിയുണ്ട് നിഥിന്. വിയ്യൂർ സെൻട്രൽ ജയിലിൽ ഇന്നു വൈകീട്ട് ആറിനാണ് അരങ്ങേറ്റം. തുടർന്ന് കീബോർഡിൽ സ്റ്റീഫൻ ചേട്ടനെപ്പോലെ ഒരു പുപ്പുലിയാകണമെന്നാണ് ഈ കൊച്ചുമിടുക്കന്റെ മോഹം.