ദുബായ്: ഇന്ത്യൻ അന്പയർ നിതിൻ മേനോൻ ഐസിസി എലൈറ്റ് പാനൽ പട്ടികയിൽ. ഐസിസിയുടെ എലൈറ്റ് പാനലിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ അന്പയർ എന്ന റിക്കാർഡും മുപ്പത്താറുകാരനായ നിതിൻ മേനോൻ ഇതോടെ സ്വന്തമാക്കി.
ഇന്ത്യയിൽനിന്ന് ഐസിസി എലൈറ്റ് പാനലിലെത്തുന്ന മൂന്നാമത്തെ മാത്രം അന്പയറാണ് മധ്യപ്രദേശ് ഇൻഡോർ സ്വദേശിയായ നിതിൻ. അന്താരാഷ്ട്ര അന്പയറായിരുന്ന നരേന്ദ്ര മേനോന്റെ മകനാണ്. മാച്ച് റഫറി പാനലിൽ ഇന്ത്യൻ മുൻ താരം ജവഗൽ ശ്രീനാഥ് ഇന്ത്യൻ സാന്നിധ്യമായുണ്ട്.
ഐസിസി എലൈറ്റ് പാനലിൽ ഉൾപ്പെട്ടതിനെ സ്വപ്നസാക്ഷാത്ക്കാരം എന്നാണ് നിതിൻ വിശേഷിപ്പിച്ചത്. കാരണം, അന്പയറാകാൻവേണ്ടി ഇരുപതുകളുടെ തുടക്കത്തിൽത്തന്നെ ക്രിക്കറ്റ് കളി ഉപേക്ഷിച്ച ആളാണ് നിതിൻ. 2004ൽ മധ്യപ്രദേശിനായി ലിസ്റ്റ് എയിൽ രണ്ട് മത്സരങ്ങൾ കളിച്ച താരമാണ്.
ക്രിക്കറ്റ് കളി ഉപേക്ഷിച്ച് 23-ാം വയസിൽ സീനിയർ അന്പയറായ നിതിൻ ബിസിസിഐ അംഗീകാരമുള്ള മൽസരങ്ങൾ നിയന്ത്രിച്ചിരുന്നു. 2006ൽ ബിസിസിഐ നടത്തിയ അന്പയർ പരീക്ഷയിലൂടെയാണ് നിതിന്റെ രംഗപ്രവേശനം. അച്ഛന്റെ നിർദേശത്തെത്തുടർന്നാണ് പരീക്ഷ എഴുതിയതെന്നും തുടർന്ന് ആ വഴി തെരഞ്ഞെടുക്കുകയായിരുന്നു എന്നും നിതിൻ പറയുന്നു.
എസ്. വെങ്കട്ടരാഘവൻ, സുന്ദരം രവി എന്നിവരാണ് നിതിന് മുന്പ് ഐസിസി എലൈറ്റ് പാനലിലുണ്ടായിരുന്ന ഇന്ത്യൻ അന്പയർമാർ. അടുത്ത സീസസണിലേക്കുള്ള 12 അംഗ എലൈറ്റ് പാനൽ അന്പയർമാരുടെ പട്ടികയിൽ ഇംഗ്ലണ്ടിന്റെ നൈജൽ ലോംഗിനു പകരമാണ് നിതിനെ ഉൾപ്പെടുത്തിയത്.
ഐസിസി ജനറൽ മാനേജർ ജെഫ് അലാർഡൈസ്, മാച്ച് റഫറിമാരായ രഞ്ജൻ മദുഗല്ലെ, ഡേവിഡ് ബൂണ്, ഇന്ത്യൻ മുൻ താരം സഞ്ജയ് മഞ്ജരേക്കർ എന്നിവർ ചേർന്നാണ് എലൈറ്റ് പാനൽ അന്പയർമാരെ തെരഞ്ഞെടുത്തത്. മൂന്നു ടെസ്റ്റ്, 24 ഏകദിനം, 16 ട്വന്റി-20, ഐപിഎൽ മത്സരങ്ങൾ എന്നിവയെല്ലാം നിതിൻ നിയന്ത്രിച്ചിട്ടുണ്ട്.