തൃശൂര്‍: ചാലക്കുടിയിൽ പോലീസ് ജീപ്പ് തകർത്ത ഡിവൈഎഫ്ഐ നേതാവ് നിഥിൻ പുല്ലനെ കാപ്പ ചുമത്തി നാടുകടത്താൻ ഉത്തരവ്. ആറുമാസത്തേക്ക് നാടുകടത്താനാണ് ഡിഐജി അജിതാബീഗം ഉത്തരവിട്ടത്. ജയിൽവാസത്തിന് ശേഷം ഫെബ്രുവരി 13 നാണ് നിഥിൻ ജാമ്യത്തിലിറങ്ങിയത്.
ജീപ്പ് കത്തിച്ചത് ഉൾപ്പെടെ ചാലക്കുടി പോലീസ് സ്റ്റേഷനിൽ മൂന്നും ആളൂർ സ്റ്റേഷനിൽ ഒരു കേസിലും പ്രതിയായിരുന്നു ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റായ നിഥിൻ പുല്ലൻ.
ഡിസംബർ 22 ന് ചാലക്കുടി ഐടിഐ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെയാണ് നിഥിൻ പോലീസ് ജീപ്പ് തടഞ്ഞുനിർത്തുകയും അടിച്ചുതകർക്കുകയും ചെയ്തത്. അന്നുതന്നെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും സിപിഎം പ്രവർത്തകർ ഇടപെട്ട് മോചിപ്പിച്ചു.
ഇതിന് ശേഷം ഒളിവിൽ പോയ നിഥിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പൊതുമുതൽ നശിപ്പിക്കൽ, വധശ്രമം ഉൾപ്പടെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരേ കേസെടുത്തത്.