വൈക്കം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും പ്രളയകാലത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും മുൻനിരയിൽ വന്ന് മറ്റുള്ളവരുടെ സങ്കടം തന്റേതാക്കിയ നിതിനയുടെ അകാല വിയോഗം ഉദയനാപുരം നിവാസികൾക്ക് ഉൾക്കൊള്ളാനായില്ല.
ജനങ്ങൾ വലിയ പ്രതിസന്ധി നേരിട്ടപ്പോൾ തന്റെ നാട്ടുകാർക്കു സഹായഹസ്തം നീട്ടി മുന്നിട്ടിറങ്ങിയത് ഡിവൈഎഫ്ഐയുടെ സജീവ പ്രവർത്തകയായ നിതിനയായിരുന്നു.
ഓണ്‍ലൈൻ പഠനത്തിന് വിദ്യാർഥികൾക്കാവശ്യമായ സ്മാർട്ട് ഫോണുകൾ കണ്ടെത്തുന്നതിനായി പ്രവർത്തകരെ കൂട്ടി നാട്ടിലെ മുഴുവൻ വീടുകളിൽനിന്നും ആക്രി സാധനങ്ങൾ ശേഖരിക്കാൻ നിതിന ഇറങ്ങി.
ഡിവൈഎഫ്ഐ ഉദയനാപുരം ഈസ്റ്റ് മേഖലാ കമ്മിറ്റി ലോക്ഡൗണ്‍ കാലത്ത് ആരംഭിച്ച സമൂഹ അടുക്കളവഴി നൂറുകണക്കിന് ആളുകൾക്ക് ഭക്ഷണം എത്തിക്കുന്നതിനും നേതൃപരമായ പങ്കുവഹിച്ചത് മേഖലാ വൈസ്പ്രസിഡന്റുകൂടിയായ നിതിനയായിരുന്നു.
നാട്ടിൽ പ്രായമായവർക്ക് വാക്സിൻ രജിസ്റ്റർ ചെയ്തു നൽകുന്നതിനും മരുന്നുകൾ എത്തിക്കുന്നതിനുമൊക്കെ നിതിന മുന്നിലുണ്ടായിരുന്നു.
തന്റെ ജീവിതസാഹചര്യങ്ങൾകാരണം തലയോലപ്പറന്പിൽനിന്നു കുറുന്തറയിലേക്കു താമസം മാറിയപ്പോഴും ഉദയനാപുരം തുറുവേലിക്കുന്നിൽ തന്റെ ബന്ധുക്കൾക്കൊപ്പം നിന്നുകൊണ്ടാണ് സംഘടനാ പ്രവർത്തനങ്ങളിലും നാട്ടിലെ സാമൂഹിക പ്രവർത്തനങ്ങളിലും നിതിന ഇടപെട്ടിരുന്നത്.
നിതിനയുടെ വിയോഗത്തിൽ നാടാകെ ഓർത്തെടുക്കുന്നത് മറ്റുള്ളവർക്ക് സഹായത്തിനായി തങ്ങളുടെ മുൻപിലേക്ക് ഓടിയെത്തുന്ന നിതിനയുടെ സ്നേഹാർദ്രമായ മുഖമാണ്.