വൈക്കം: പ്രണയബദ്ധരായ യുവാവും യുവതിയും കഴിഞ്ഞദിവസം വൈക്കം കൊച്ചങ്ങാടി വാഴേക്കാട് ജീവനൊടുക്കിയതിന്റെ നടുക്കം മാറുന്നതിനു മുന്‍പ് നാടിനും വീട്ടുകാർക്കും അരുമയായ 22 കാരി അരുംകൊല ചെയ്യപ്പെട്ടതിന്റെ സങ്കടത്തിലാണ് വൈക്കം.
കുട്ടിക്കാലം മുതൽ അമ്മയുടെ ദുരിതം കണ്ടു വളർന്ന നിതിന മറ്റുള്ളവരോട് അനുകന്പയോടെയാണ് പെരുമാറിയിരുന്നത്.
പഠിച്ച് ഒരു ജോലി വാങ്ങി അസുഖബാധിതയായ അമ്മയ്ക്കു തുണയാകണമെന്ന ലക്ഷ്യമാണ് നിതിനയെ മുന്നോട്ടു നയിച്ചിരുന്നത്.
സഹപാഠിയായ അഭിഷേക് ബൈജു പ്രണയം തുറന്നുപറഞ്ഞ് അടുത്തുകൂടിയപ്പോഴും ആദ്യമൊന്നും നിതിന ചെവി കൊടുത്തില്ല.
പിതാവ് ഒപ്പമില്ലാത്ത, മാതാവിന്റെ തുണ മാത്രമുള്ള പെണ്‍കുട്ടിയുടെ ജീവിതദൈന്യം മുതലടുത്ത് അഭിഷേക് തലയോലപ്പറന്പിലെ വീട്ടിലുമെത്തി.
പലതവണ അമ്മയും മകളും മാത്രം താമസിക്കുന്ന വീട്ടിലെത്തി അടുപ്പംകൂടി വലിയ ഉത്തരവാദിത്വമുള്ള ആളായി പ്രകടനം കാഴ്ചവച്ച് നിതിനയുടെയും അമ്മയുടെയും മനസിൽ ഇടം നേടി.
എന്നാൽ അടുപ്പം വർധിച്ചതോടെ അധികാരഭാവത്തിൽ വഴക്കുകൂടുക പതിവായി. ഇതോടെ ഇയാളുമായി ഒത്തുപോകാൻ കഴിയില്ലെന്നു തിരിച്ചറിഞ്ഞ നിതിന അഭിഷേകിൽനിന്ന് അകലം പാലിച്ചു.
നിതിന അകലുകയാണെന്ന് ബോധ്യം വന്നതോടെ പക ഉള്ളിൽ സൂക്ഷിച്ച അഭിഷേക് അനുനയിപ്പിച്ച് അടുത്തുകൂടി യുവതിയുടെ ജീവനെടുക്കുകയായിരുന്നു.