തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ കെഎസ്യു പ്രവര്ത്തകന് നിതിന്‍ രാജിനെ മര്‍ദിക്കുന്നതിന് മുമ്പ് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. രണ്ടാംവര്‍ഷ എം.എ. ചരിത്രവിദ്യാര്ഥിയും കെ.എസ്.യു. യൂണിറ്റ് അംഗവുമായ നിതിന്രാജിനെതിരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായിരുന്നു.
സാരമായി പരിക്കേറ്റ വിദ്യാർഥി മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ദ്ദിക്കുന്നതിന് മുമ്പ് നിതിന്‍ രാജിനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. എസ്.എഫ്.ഐ. പ്രവര്‍ത്തകനായ മഹേഷിന്റെ നേതൃത്വത്തിലെത്തിയവരാണ് തന്നെ മര്‍ദിച്ചതെന്ന് നിതിന്‍ പോലീസിനോടു പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മ്യൂസിയം പോലീസ് കേസെടുത്തിടുത്തിട്ടുണ്ട്.
കെ.എസ്.യു പ്രവര്‍ത്തകനായി നിന്നെ വാഴിക്കില്ലെന്നും ഹോസ്റ്റലിൽ നിന്ന് പുറത്താക്കുമെന്നും താൻ ഇവിടെ താമസിച്ച് എസ്എഫ്ഐക്കാരനാക്കുമെന്നും ഇയാള്‍ നിതിന്‍ രാജിനെ ഭീഷണിപ്പെടുത്തുന്നുണ്ട്. 10 മിനുട്ടോളമുള്ള വീഡിയോയിൽ നിരന്തരമായി മഹേഷ് നിതിന്‍ രാജിനെ വകവരുത്തുമെന്ന തരത്തിലാണ് ഭീഷണിമുഴക്കുന്നത്.
നിതിനൊപ്പം മുറിയില്‍ താമസിക്കുന്ന സുദേവ് എന്ന വിദ്യാര്‍ഥിക്കും മര്‍ദനമേറ്റിരുന്നു. ബുധനാഴ്ച രാത്രി ഹോസ്റ്റല്‍ മുറിയില്‍വെച്ച് വളഞ്ഞിട്ട് തല്ലുകയായിരുന്നു. നിതിന്റെ ഇടത് കൈയിലും മുഖത്തും സാരമായി പരിക്കേറ്റു.
നിതിനെ ആശുപത്രിയിലെത്തിച്ചശേഷം വസ്ത്രമെടുക്കാന്‍ വന്നപ്പോഴാണ് സുദേവിന് അടികൊണ്ടത്. ആക്രമണത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുള്ളതായും വിശദമായ അന്വേഷണം ആവശ്യമാണെന്നും കെ.എസ്.യു. ആവശ്യപ്പെട്ടിട്ടുണ്ട്. യൂണിവേഴ്സിറ്റി കോളേജില്‍ കത്തിക്കുത്ത് സംഭവത്തിനു പിന്നാലെ കെ.എസ്.യു. ഉള്‍പ്പെടെയുള്ള സംഘടനകള്‍ യൂണിറ്റ് ആരംഭിച്ചിരുന്നു.
ഇതാണ് ആക്രമണത്തിനു കാരണമെന്ന് കെ.എസ്.യു. ആരോപിച്ചു. എന്നാൽ മഹേഷിന് എസ്എഫ്ഐയുമായി ബന്ധമില്ലെന്നും സംഭവത്തെക്കുറിച്ച് അറിയില്ലെന്നും എസ്എഫ് ഐ ജില്ലാ കമ്മറ്റി അറിയിച്ചു. ഇതിനിടെ കഴിഞ്ഞ ദിവസം നിതിനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കെഎസ് യു യൂണിവേഴ്സിറ്റി കോളേജിൽ നടത്തിയ പഠിപ്പ് മുടക്കിനെതിരെ എസ്എഫ് ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം ഉണ്ടായിരുന്നു.
ഇതിനിടെ ഉന്തും തള്ളും ഉണ്ടാവുകയും കെഎസ് യു വനിതാ പ്രവർത്തകർക്ക് അടക്കം പരിക്കേൽക്കുന്നതടക്കമുള്ള ദൃശ്യങ്ങൾ ഇന്നു പുറത്തു വന്നു. നിതിൻരാജിന് പരിക്കേറ്റ സംഭവത്തിൽ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് പരാതി നൽകുമെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് പറഞ്ഞു.