പ്രതിപക്ഷത്തിന്റെ ഊണ് വേണ്ടെന്നുവച്ച നിതീഷ്കുമാര്‍ മോദിയുടെ ഉച്ചഭക്ഷണത്തിനായി പറന്നെത്തി, പ്രതിപക്ഷനിരയുടെ നായകനാക്കാന്‍ കോണ്‍ഗ്രസ് കാത്തുവച്ച ബിഹാര്‍ മുഖ്യമന്ത്രിയുടെ മനസിലിരിപ്പ് മോദി സ്‌നേഹമോ?

nithishപ്രതിപക്ഷത്തിന്റെ ഊണ് വേണ്ടെന്നുവച്ച നിതീഷ്കുമാര്‍ മോദിയുടെ ഉച്ചഭക്ഷണത്തിനായി പറന്നെത്തി, പ്രതിപക്ഷനിരയുടെ നായകനാക്കാന്‍ കോണ്‍ഗ്രസ് കാത്തുവച്ച ബിഹാര്‍ മുഖ്യമന്ത്രിയുടെ മനസിലിരിപ്പ് മോദി സ്‌നേഹമോ?
എ.ബി. വാജ്‌പേയ് മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ ബിജെപിയുടെ ഏറ്റവുമടുത്ത സഖ്യകക്ഷിയായിരുന്നു ജനതാദള്‍ യുണൈറ്റഡ്. സൗമ്യനായ വാജ്‌പേയ് മാറി നരേന്ദ്ര മോദി വന്നപ്പോള്‍ ബിജെപിയുടെയും സംഘപരിവാറിന്റെയും ഒ്ന്നാംന്തരം വിമര്‍ശകരായി ജെഡിയുവും അതിന്റെ നേതാവ് നിതീഷ്കുമാറും മാറി. ഗുജറാത്ത് കലാപത്തിന്റെ കറകള്‍ ഉണങ്ങാത്ത മോദിയെ നേതാവാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു നിതിഷിന്റെ പിന്‍മാറ്റം. കോണ്‍ഗ്രസ് കൂടുതല്‍ ദുര്‍ബലമായതോടെ പ്രതിപക്ഷനിരയെ ഒന്നിപ്പിക്കുന്ന നേതാവെന്ന പ്രതിച്ഛായ നിതീഷിന് കൈവരികയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ യു ടേണിലാണ് പഴയ സോഷ്യലിസ്റ്റായ ഈ അവിവാഹിതന്‍.

രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുന്നോടിയായി സോണിയ ഗാന്ധി വിളിച്ചുചേര്‍ത്ത യോഗത്തിനെത്താതിരുന്നതാണ് നിതീഷ് വീണ്ടും ബിജെപി ചേരിയുമായി അടുക്കുന്നുവെന്ന പ്രതീതി സൃഷ്ടിച്ചിരിക്കുന്നത്. സോണിയയുടെ ഉച്ചയൂണിന് വരാതിരുന്ന അദേഹം മോദി വിളിച്ചപ്പോള്‍ പറന്നെത്തുകയും ചെയ്തു. മൗറീഷ്യസ് പ്രധാനമന്ത്രി അനിരുദ്ധ് ജഗന്നാഥിന്‍റെ ബഹുമാനാര്‍ഥം പ്രധാനമന്ത്രി മോദി നടത്തിയ ഉച്ചവിരുന്നില്‍ പങ്കെടുക്കാനാണു നിതീഷ് കുമാര്‍ ഡല്‍ഹിയിലേക്കു പറന്നത്. മൗറീഷ്യസുമായി ബിഹാറിന് വൈകാരിക ബന്ധമുണ്ടെന്നാണു നിതീഷ് നല്‍കിയ വിശദീകരണം. യുപി, ബിഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നും മുമ്പ് അടിമവേലയ്ക്കു കൊണ്ടുപോയവരുടെ പിന്‍തലമുറക്കാര്‍ മൗറീഷ്യസില്‍ വളരെയേറെയുണ്ട്.

എന്നാല്‍, മോദിക്കെതിരായ പ്രതിപക്ഷ ഐക്യപ്രഖ്യാപനത്തിനായി ഇന്നലെ ഡല്‍ഹിയില്‍ വരാന്‍ പറ്റാത്തത്ര തിരക്കുള്ള മുഖ്യമന്ത്രി പിറ്റേന്നു തന്നെ മോദിയുടെ ക്ഷണം സ്വീകരിച്ചു വരുന്നതു രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്കു തിരികൊളുത്തിയിട്ടുണ്ട്. നോട്ട് അസാധുവാക്കലിനെ പ്രതിപക്ഷം ഒറ്റക്കെട്ടായി എതിര്‍ത്തപ്പോള്‍ നിതീഷ് മാത്രം അനുകൂലിച്ചതു ശ്രദ്ധേയമായിരുന്നു. ബിഹാറില്‍ ആജന്മശത്രുക്കളായിരുന്ന ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയുമായി ചേര്‍ന്നാണ് നിതീഷിന്റെ ഭരണം. ലാലു പലപ്പോഴും സര്‍ക്കാര്‍ കാര്യങ്ങളില്‍ ഇടപെടുന്നത് നിതീഷിനെ അസ്വസ്ഥനാക്കുന്നുണ്ട്. മോദിയുമായി ശത്രുത ആവശ്യത്തിനുള്ളതിനാല്‍ കേന്ദ്ര ഫണ്ട് കാര്യമായി ലഭിക്കുന്നുമില്ല. മോദി വിരുദ്ധരുടെ നേതാവായിരുന്നതുകൊണ്ട് കാര്യമായ രാഷ്ട്രീയനേട്ടമുണ്ടാകില്ലെന്ന തിരിച്ചറിവായിരിക്കാം നിതീഷിന്റെ മലക്കംമറിച്ചിലിനു പിന്നിലെന്നാണ് സൂചന. 2019ലെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുമോയെന്ന ചോദ്യത്തിന് താനത്രയ്ക്കു മണ്ടനല്ലെന്നായിരുന്നു അദേഹത്തിന്റെ മറുപടി. നിതീഷിന്റെ നയംമാറ്റം പ്രതിപക്ഷത്തിനു തിരിച്ചടിയും ബിജെപിക്കും മോദിക്കും അപ്രതീക്ഷിത നേട്ടവുമാകുമെന്ന കാര്യത്തില്‍ സംശയമില്ല.

Related posts