തനിക്കൊരു പ്രണയം ഉണ്ടായിരുന്നെന്നും എന്നാല്‍ ഒരുമിച്ച് ജീവിക്കുക അസാധ്യമാണെന്ന് തോന്നിയപ്പോള്‍ ആ ബന്ധം അവസാനിപ്പിച്ചെന്നും നിത്യാമേനോന്. വിവാഹത്തെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കാറേയില്ല. തന്റെ അച്ഛന് നിരീശ്വരവാദിയാണെന്നും എന്നാല്‍ താന്‍ ഈശ്വര വിശ്വാസിയാണെന്നും അച്ഛന്റെ ഇഷ്ടത്തിന് വഴങ്ങി അമ്മ വീട്ടില്‍ പൂജകളൊന്നും നടത്താറില്ലെന്നും താരം പറഞ്ഞു. ഇതിന്റെ മറുവശം വളരെ രസകരമാണ്. നിത്യയെ എല്ലാ ക്ഷേത്രങ്ങളിലും കൊണ്ടു പോകുന്നത് അച്ഛനാണ്. നിത്യ പ്രാര്‍ത്ഥന കഴിഞ്ഞ് വരുന്നത് വരെ പിതാവ് പുറത്ത് കാത്ത് നില്ക്കും.
കുഞ്ഞുനാളില്‍ നിത്യ നന്നായി പാടുമായിരുന്നു. ഒരുപാട് ഗാനമേളകളില്‍ പങ്കെടുത്തിട്ടുണ്ട്. അതിന്റെ വിജയമാണ് തന്നെ സിനിമയില്‍ എത്തിച്ചതെന്നും നിത്യ പറഞ്ഞു. കേരളത്തിലെപ്പോഴും അടക്കവും ഒതുക്കവും ഉള്ള പെണ്‍കുട്ടികളെയാണ് പ്രോല്‍സാഹിപ്പിക്കുന്നത്. എന്തെങ്കിലും ഉച്ചത്തില്‍ സംസാരിക്കുകയോ മോഡേണായി വസ്ത്രം ധരിക്കുകയോ ചെയ്യുന്ന കുട്ടികളെ മോശമായാണ് ഇന്നും പലരും കാണുന്നതെന്നും ഈ രീതിക്ക് മാറ്റം വരണമെന്നും താരം പറഞ്ഞു.
വിവാഹം ജീവിതത്തിലെ നിര്‍ണായക കാര്യമായി കാണുന്നില്ലെന്നാണ് താരത്തിന് പറയാനുള്ളത്. അഭിമുഖങ്ങളിലും മറ്റും ഇതൊരു സ്ഥിരം ചോദ്യമായി മാറിയിരിക്കുന്നു. എന്നെ വിവാഹം കഴിപ്പിച്ചേ അടങ്ങുവെന്ന് മറ്റുള്ളവര്‍ നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലയെന്നും ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ താരം പറയുന്നു. ശരിക്കും മനസിലാക്കുന്ന പുരുഷനെ ലഭിച്ചെങ്കിലേ വിവാഹ ജീവിതം സന്തോഷകരമാകൂ. പൊരുത്തമില്ലാത്ത ഒരാളെ വിവാഹം ചെയ്ത് ജീവിക്കുന്നതിനേക്കാള്‍ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്. 1പതിനെട്ടാം വയസ്സില്‍ താന്‍ ഒരാളെ പ്രണയിച്ചിരുന്നു. അയാളുമായി പൊരുത്തപ്പെടാന്‍ കഴിയില്ലെന്ന് മനസിലായപ്പോള്‍ ആ ബന്ധം താന്‍ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.
ഒരുമിച്ച് അഭിനയിക്കുന്നവരുമായി കഥകള്‍ പ്രചരിപ്പിക്കുന്നത് സിനിമാ മേഖലയില്‍ പതിവാണ്. ഓരോ സിനിമ ചെയ്യുമ്പോഴും നായകനുമായി ചേര്‍ത്ത് കഥകള്‍ പ്രചരിക്കാറുള്ളത് പതിവായതിനാല്‍ ഇതിനോടൊന്നും പ്രതികരിക്കാറില്ലെന്നും താരം പറയുന്നു. എന്നാല്‍ വിവാഹിതരായ നായകന്മാരുമായി ചേര്‍ത്തുവെച്ചുള്ള പ്രണയ കഥകള്‍ തനിക്ക് അസ്വസ്ഥത ഉണ്ടാക്കാറുണ്ടെന്നും നിത്യ പറയുന്നു. മറ്റൊരാളുടെ കുടുംബ ജീവിതത്തിലേക്ക് തന്നെ വലിച്ചിഴക്കുന്നത് ആര്‍ക്കായാലും വലിയ പ്രയാസമുണ്ടാക്കുമെന്നും അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും ആരുമതില്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും നിത്യ തുറന്നടിച്ചു.