സൈസ് സീറോ ആകാൻ താല്പര്യമില്ലെന്ന് നടി നിത്യാ മേനോൻ. ശരീരത്തിന്റെ അഴകളവുകളേക്കാൾ തനിക്കു പ്രധാനപ്പെട്ടതായി തോന്നുന്നത് സിനിമയിലെ അഭിനയമാണെന്നും താരം പറയുന്നു. അടുത്തിടെ നിത്യയുടെ ശരീരം തടിച്ചിരുന്നു. ശരീരം തടിച്ച നിത്യയുടെ ചിത്രങ്ങൾ വൈറലാകുകയും പലരും നിത്യയുടെ തടിയെ കളിയാക്കിയും മറ്റും രംഗത്തുവരികയും ചെയ്തിരുന്നു.
എന്നാൽ ആരൊക്കെ കളിയാക്കിയാലും തനിക്കതൊരു പ്രശ്നമല്ലെന്നാണ് നിത്യ പറയുന്നത്. കഴിഞ്ഞ കുറച്ചുമാസം ഷൂട്ട് ഇല്ലാത്തതിനാൽ ആഹാരം കഴിക്കുന്നതിൽ നിയന്ത്രണമൊന്നും വച്ചില്ല. അപൂർവമായിട്ടാണ് ഇങ്ങനെ ഷൂട്ട് ഇല്ലാത്ത ദിവസങ്ങൾ അടുപ്പിച്ച് വരുന്നത്. ഞാനൊരു ഭക്ഷണപ്രിയ ആണ്.
അതുകൊണ്ടു തന്നെ ആഹാരം നിയന്ത്രിച്ച് ശരീരസൗന്ദര്യം നിലനിർത്താനൊന്നും എന്നെക്കൊണ്ട് കഴിയില്ല-നിത്യ പറയുന്നു. ഇളയദളപതി നായകനായ മേഴ്സൽ ആണ് നിത്യ അഭിനയിച്ച അവസാന ചിത്രം. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന പ്രാണയാണ് ഇനി പുറത്തിറങ്ങാനുള്ള നിത്യയുടെ ചിത്രം.
സാമൂഹ്യ വിഷയങ്ങളിൽ ഇടപെടുന്ന, അസഹിഷ്ണുതയ്ക്കെതിരെ പോരാടുന്ന ഒരു ഇംഗ്ലീഷ് എഴുത്തുകാരിയായാണ് പ്രാണയിൽ നിത്യാ മേനോൻ അഭിനയിക്കുന്നത്. ഒരു ത്രില്ലർ സിനിമയാണ്. ചിത്രം മലയാളത്തിലും ഹിന്ദിയിലും തെലുങ്കിലും കന്നഡയിലുമായിട്ടാണ് ഒരുക്കുന്നത്. റസൂൽ പൂക്കുട്ടിയായിരിക്കും സൗണ്ട് ഡിസൈനർ.