പതിനെട്ടാം വയസിൽ താൻ ഒരാളെ പ്രണയിച്ചിരുന്നുവെന്നു നടി നിത്യാ മേനോൻ. എന്നാൽ അയാളുമായി പൊരുത്തപ്പെടാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെ അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നെന്നും നിത്യ മേനോൻ പറയുന്നു.
വിവാഹിതരായ പുരുഷന്മാരുമായി ചേർത്ത് ഗോസിപ്പ് ഇറക്കുന്നതാണ് നിത്യയെ ഏറെ സങ്കടപ്പെടുത്തുന്നത്. മറ്റൊരാളുടെ കുടുംബ ജീവിതത്തിലേക്ക് തന്നെ വലിച്ചിഴയ്ക്കുന്നത് വലിയ പ്രയാസമുള്ള കാര്യമാണെന്നും നിത്യ പറയുന്നു. സുദീപിന്റെ നായികയായി നിത്യ ഒരു കന്നട ചിത്രത്തിൽ അഭിനയിച്ചതിന് പിന്നാലെയായിരുന്നു വിവാഹതിനായ സുദീപിനേയും നിത്യയേയും ചേർത്ത് ഗോസിപ്പുകൾ പ്രചരിച്ചത്. നിത്യക്കായി സുദീപ് വിവാഹ മോചനം നേടുന്നു എന്ന് വരെ വാർത്തകൾ പ്രചരിച്ചിരുന്നു. നിത്യക്കൊപ്പം അഭിനയിച്ച പല നായകന്മാർക്കൊപ്പവും നിത്യയുടെ പേര് ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചിരുന്നു. അതിന് ഭാഷാ വ്യത്യാസങ്ങളില്ലായിരുന്നു. ഗോസിപ്പുകൾ നിത്യ മേനോന്റെ മനസ് മടുപ്പിച്ചിരിക്കുകയാണ്.
തന്നെ ശരിക്കും മനസിലാക്കുന്ന പുരുഷനെ മാത്രമേ വിവാഹം കഴിക്കു എന്നാണ് നിത്യ പറയുന്നത്. തന്നെ മനസിലാക്കുന്ന ഒരു പുരുഷനാണെങ്കിലേ ജിവിതം സന്തോഷമാകു. പൊരുത്തമില്ലാത്ത ഒരാളുടെ കൂടെ ജീവിക്കുന്നതിനേക്കാൾ നല്ലത് വിവാഹം കഴിക്കാതിരിക്കുന്നതാണന്നും നിത്യ മേനോൻ പറയുന്നു.
സെവൻ ഒ ക്ലോക്ക് എന്ന കന്നട ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ നിത്യ മേനോൻ തെന്നിന്ത്യൻ സിനിമയിലെ സജീവ സാന്നിധ്യമാണ്. നിത്യ മേനോന്റെ രണ്ടാമത്തെ ചിത്രം മലയാളത്തിലായിരുന്നു. 2008ൽ പുറത്തിറങ്ങിയ ആകാശ ഗോപുരം. മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ നിത്യ പിന്നീടു നായികയായി എത്തി. വിവാദങ്ങൾ നിത്യ മേനോന് പുതിയതല്ല. എന്തും വെട്ടിത്തുറന്ന് മുഖത്ത് നോക്കി പറയുന്ന നിത്യയുടെ ശീലം തന്നെയാണ് താരത്തെ വിവാദങ്ങളുടെ കൂട്ടുകാരിയാക്കിയത്.
ആറ്റ്ലിയുടെ സംവിധാനത്തിൽ വിജയ് നായകനായി എത്തുന്ന മെർസൽ ആണ് നിത്യ നായികയായി എത്തുന്ന പുതിയ ചിത്രം. വിജയ് മൂന്ന് വേഷത്തിൽ എത്തുന്ന ചിത്രത്തിൽ കാജൽ അഗർവാൾ, സാമന്ത എന്നിവരാണ് മറ്റ് നായികമാർ. ദീപാവലിക്ക് ചിത്രം തിയറ്ററിൽ എത്തും.