അന്ന് വിമാനത്തില്‍ പോകുന്നതിനിടെ വി.എം. വിനുവും രഞ്ജിത്തും ചോദിച്ച ഒരു ചോദ്യമാണ് എന്റെ കല്യാണത്തിലേക്ക് കാര്യങ്ങളെത്തിച്ചത്, ആകാശത്തെ പ്രണയത്തെക്കുറിച്ച് മനസുതുറന്ന് നിത്യാദാസ്

ഈ പറക്കും തളിക എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി മലയാള സിനിമയിലേക്കെത്തിയ നിത്യ വിവാഹം ചെയ്തത് പഞ്ചാബി സ്വദേശിയയെയാണ്. ഭര്‍ത്താവ് അരവിന്ദ് സിംഗ് പഞ്ചാബിയാണ്. ഏയര്‍ലൈന്‍സ് ക്രൂ മെമ്പറായ അരവിന്ദിനെ നിത്യ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. നൈയിന എന്നാണ് നിത്യയുടെയും അരവിന്ദിന്റെയും മകളുടെ പേര്. വിവാഹ ശേഷം കുടുംബത്തിന്റെ തിരക്കിലാണ് താരം. ഇപ്പോള്‍ കുടുംബമായി കോഴിക്കോട്ടാണ് താമസം. കഴിഞ്ഞദിവസം ഒരു ടിവി പരിപാടിക്കിടെ തന്റെ പ്രണയത്തെപ്പറ്റിയും വിവാഹത്തെക്കുറിച്ചും നിത്യ മനസുതുറന്നു.

എയര്‍ ഇന്ത്യയില്‍ ഉദ്യോഗസ്ഥനാണ് അര്‍വിന്ദ്. ഫ്‌ലൈറ്റില്‍ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ‘വി.എം വിനു സാറും രഞ്ജിത്ത് ഏട്ടനുമാണ് ഞങ്ങളുടെ ബന്ധം തുടങ്ങി തന്നതെന്ന് പറയാം. എന്റെ പ്രണയകഥ കേട്ടാല്‍ ചിലപ്പോള്‍ അവര്‍ തകര്‍ന്നുപോകുമായിരിക്കും. എന്നാലും ഞാന്‍ പറയും.’- നിത്യ പറയുന്നു.

ചെന്നൈയില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് ഫ്‌ലൈറ്റില്‍ വരുകയാണ്. ചേട്ടന്‍ ആ ഫ്‌ലൈറ്റിലെ സ്റ്റാഫ് ആണ്. ഫ്‌ലൈറ്റില്‍ വിനു സാറും രഞ്ജിത്ത് ഏട്ടനും എനിക്കൊപ്പം ഉണ്ട്. ഈ ഫ്‌ലൈറ്റില്‍ കാണാന്‍ നല്ല പെണ്ണുങ്ങളൊന്നും ഇല്ലെന്നും ഒക്കെ വയസായവരാണെന്നും അവര്‍ കമന്റ് അടിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു, ‘എന്തിനാണ് പെണ്ണുങ്ങളെ നോക്കുന്നത്, ദേ ആ നില്‍ക്കുന്ന പയ്യന്‍ എത്ര സുന്ദരനാണെന്നു നോക്കൂ, അവനെ നോക്കാന്‍ പറഞ്ഞു.’ അപ്പോള്‍ തന്നെ രഞ്ജിത്ത് ഏട്ടന്‍ അത് കേറിപ്പിടിച്ചു, ‘നിനക്ക് അവന്‍ സുന്ദരനായാണോ തോന്നുന്നതെന്ന്’ ചോദിച്ചു. അതെയെന്ന് ഞാന്‍ ഉറപ്പിച്ചു പറഞ്ഞു.

ഉടന്‍ രഞ്ജിത്ത് ഏട്ടന്‍ അദ്ദേഹത്തെ അടുത്തേയ്ക്ക് വിളിച്ചു, ‘ ഇവള്‍ക്ക് നിങ്ങളുടെ പേര് അറിയാന്‍ ആഗ്രഹമുണ്ടെന്ന്’ പറഞ്ഞു. ഇങ്ങനെയൊരു നീക്കം ഞാന്‍ പ്രതീക്ഷിക്കുന്നേ ഇല്ല. നമ്മള്‍ വളരെ ഡീസന്റ് ആയി ഇങ്ങനെ ഇരിക്കുകയല്ലേ? രഞ്ജിത്തേട്ടന്റെ ചോദ്യം കേട്ട് ‘താങ്കള്‍ക്ക് എന്റെ പേര് അറിയണമോ’ എന്ന് അദ്ദേഹം ചോദിച്ചു. ‘ഇല്ല എനിക്ക് അറിയേണ്ടെന്ന്’ ഞാന്‍ മറുപടി പറഞ്ഞു. അങ്ങനെ ആ സംഭവം കഴിഞ്ഞു. അതിനു ശേഷം ഇരുപതോളം തവണ ചെന്നൈ – കോഴിക്കോട് ഫ്‌ലൈറ്റിലായി യാത്ര ചെയ്തിട്ടുണ്ട്. ആ ഇരുപതുപ്രാവിശ്യവും ചേട്ടന്‍ തന്നെയായിരുന്നു കാബിന്‍ ക്രൂ. അങ്ങനെ പരിചയമായി പിന്നീട് വിവാഹത്തിലേയ്ക്ക് എത്തി.

ഗുരുവായൂരമ്പലത്തില്‍ വച്ച് നടന്ന ലളിതമായ വിവാഹച്ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ഉണ്ടായിരുന്നത്. പ്രണയം വീട്ടിലറിഞ്ഞപ്പോള്‍ ചെറുതായി ചില പ്രശ്നങ്ങളുണ്ടായിരുന്നത്രെ. മറ്റൊരു ദേശക്കാരന്‍, ഭാഷക്കാരന്‍. പക്ഷെ തന്റെ നിക്കി അവരോടൊക്കെ സംസാരിച്ച് എല്ലാം ശരിയാക്കി. പരിചയപ്പെട്ട് ഏറെ നാള്‍ കഴിഞ്ഞപ്പോഴാണത്രെ അരവിന്ദ് നിത്യ നടിയാണെന്ന് പോലും അറിഞ്ഞത്.

Related posts