തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് മലയാളിയായ നിത്യാ മേനോന്. തന്റെ അഭിനയ മികവുകൊണ്ട് ചലച്ചിത്രലോകത്ത് സ്വന്തമായൊരു ഇടം കണ്ടെത്താന്‍ നിത്യയ്ക്കു സാധിച്ചിട്ടുണ്ട്.
അതേസമയം സിനിമയ്ക്ക് അകത്തും പുറത്തും തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും യാതൊരു മടിയുമില്ലാതെ തുറന്ന് പറയുന്ന ശീലക്കാരിയുമാണ് നിത്യ. ഇപ്പോഴിതാ നിത്യയെക്കുറിച്ച് സംവിധായക നന്ദിനി റെഡ്ഡി പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.
തെലുങ്ക് സിനിമയിലെ മുന്‍നിര സംവിധായകയാണ് നന്ദിനി. മുമ്പൊരിക്കല്‍ നന്ദിനി പറഞ്ഞതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായി മാറുകയായിരുന്നു. തനിക്ക് താത്പര്യമില്ലാത്തൊരു രംഗത്തില്‍ അഭിനയിക്കില്ലെന്ന് നിത്യ നിലപാടെടുത്ത സംഭവത്തെക്കുറിച്ചാണു നന്ദിനി വീഡിയോയില്‍ പറയുന്നത്.
2011 ലായിരുന്നു നിത്യയുടെ തെലുങ്ക് അരങ്ങേറ്റം. നന്ദിനി സംവിധാനം ചെയ്ത ആല മോഡലെയ്ന്തി ആയിരുന്നു ചിത്രം. നന്ദിനിയുടെ ആദ്യ സിനിമയായിരുന്നു അത്. ഈ ചിത്രത്തിലെ ഒരു അനാവശ്യ രംഗത്തില്‍ അഭിനയിക്കുന്നതിനെയായിരുന്നു നിത്യ എതിര്‍ത്തത്. നിര്‍മാതാക്കളുടെ നിര്‍ബന്ധത്തെത്തുടര്‍ന്നായിരുന്നു അത്തരത്തിലൊരു രംഗം തിരക്കഥയില്‍ ആവശ്യമില്ലാതിരുന്നിട്ടും കുത്തിക്കയറ്റിയത്.
അവര്‍ എന്നോട് ഒരു ഘട്ടത്തില്‍ നിത്യ വീണ്ടും മദ്യപിക്കുന്ന ഒരു രംഗം എഴുതാന്‍ പറഞ്ഞു. ഇക്കാര്യം നിത്യയോടു പറഞ്ഞപ്പോൾ ഞാനിത് ചെയ്യില്ല, നിങ്ങള്‍ക്കിത് ശരിയാണെന്ന് തോന്നുന്നുണ്ടോ എന്ന് നിത്യ ചോദിച്ചു. ഇല്ല, പക്ഷെ എനിക്ക് ഈ സിനിമ തീര്‍ക്കണം എന്ന് ഞാന്‍ പറഞ്ഞു.
അവള് അന്നൊരു കുട്ടിയാണ്. 21 വയസ് മാത്രമേയുള്ളൂ, കോളേജ് പഠനം കഴിഞ്ഞതേയുള്ളൂ. സിനിമയിൽ സ്വന്തമായൊരു ഇടവുമില്ല. അവള് ധൈര്യത്തോടെ പറഞ്ഞത് അങ്ങനെയൊരു രംഗത്ത് അഭിനയിക്കില്ല എന്നാണ്. ഒരു പെണ്‍കുട്ടിയാണിത് പറയുന്നത്. അതോടെ എനിക്ക് വേണ്ടി ഞാന്‍ തന്നെ സംസാരിക്കണമെന്ന് ബോധ്യമായി.
തുടര്‍ന്ന് അങ്ങനെ ചെയ്യാനാവില്ലെന്ന് ഞാന്‍ നിര്‍മാതാവിനോടു പറഞ്ഞു. അത് ആദ്യമായിട്ടായിരുന്നു ഞാന്‍ എനിക്കു വേണ്ടി സംസാരിച്ചത്. അതിന് കാരണക്കാരിയായത് നിത്യയായിരുന്നു- നന്ദിനി പറഞ്ഞു.
എന്തായാലും സിനിമ ബോക്സ് ഓഫീസില്‍ വലിയ വിജയമായി മാറി. നിത്യയുടെയും നന്ദിനിയുടെയും കരിയറും ഇതോടെ കുതിച്ചുയര്‍ന്നു. നാനിയായിരുന്നു ചിത്രത്തിലെ നായകന്. നിത്യ പിന്നീട് നിരവധി സൂപ്പര്‍ ഹിറ്റ് തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു.