മലയാളത്തിലൂടെ വെള്ളിത്തിരയിലെത്തി പിന്നീട് തമിഴിലും തെലുങ്കിലുമെല്ലാം ജനപ്രീതി നേടാൻ കഴിഞ്ഞ നടിയാണ് നിത്യാ മേനോൻ. അഭിനയിച്ച ചിത്രങ്ങളിലെല്ലാം ശ്രദ്ധേയ കഥാപാത്രങ്ങൾ നിത്യ മേനോനു ലഭിച്ചു. കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ നടി എന്നും ശ്രദ്ധാലുവാണ്. സിനിമയ്ക്കപ്പുറം തന്റെ വ്യക്തി ജീവിതത്തിൽ വളരെയധികം സ്വകാര്യത കാത്ത് സൂക്ഷിക്കുന്ന നടിയുമാണ് നിത്യ മേനോൻ.
കരിയറിനെയും ജീവിതത്തെയും കുറിച്ച് സംസാരിക്കുകയാണിപ്പോൾ നിത്യാ മേനോൻ. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.
അഭിനയിച്ച എല്ലാ കഥാപാത്രങ്ങളിലും എന്റെയൊരു അംശമുണ്ട്. ഓക്കെ കൺമണിയിലെ താര എന്ന കഥാപാത്രം എന്നെപ്പോലെയാണ്. വിഷമം വരുമ്പോൾ കരയുന്നത് പതിവാണ്. കരയുന്നത് എന്റെ ശക്തിയാണ്. കരയാൻ കഴിയാത്തതിൽ പുരുഷൻമാരോട് എനിക്ക് വിഷമം തോന്നാറുണ്ട്. അത് ദുഃഖകരമാണ്. കരയുന്നത് നല്ലതാണ്. അത് നമ്മളെ ശക്തരാക്കും.
കരഞ്ഞ് ആ ഇമോഷനെ അവസാനിപ്പിച്ച് മുന്നോട്ട് നീങ്ങാൻ സാധിക്കും. പ്രായമാകുന്തോറും വിഷമഘട്ടം അഭിമുഖീകരിക്കുന്ന സമയം കുറഞ്ഞ് വരും. ഇപ്പോൾ ഒരുപാട് സമയം ഞാൻ വിഷമിച്ചിരിക്കാറില്ല. വളരെ പെട്ടെന്ന് അതിൽ നിന്ന് പുറത്ത് കടക്കുമെന്നും നിത്യ മേനോൻ വ്യക്തമാക്കി. സ്വാഭിമാനം വിട്ട് ഒന്നും ചെയ്യരുത്.
നമ്മളെ ഉപയോഗിക്കാനും മോശമായി പെരുമാറാനും അനുവദിക്കരുത്. അത് നിങ്ങളെ ആത്മവിശ്വാസമുള്ളവരാക്കി മാറ്റും- നിത്യ പറഞ്ഞു.
ഒരു പുരുഷനോട് ഇഷ്ടം തോന്നാൻ അയാളിൽ വേണ്ട ഗുണങ്ങൾ എന്തൊക്കെയെന്ന ചോദ്യത്തിനും നിത്യ മറുപടി. അത്തരം സങ്കൽപ്പങ്ങളൊന്നും എനിക്കിപ്പോൾ ഇല്ല.
അത്തരം കാര്യങ്ങളെല്ലാം പോയി. ഞാനിപ്പോൾ ഇരുപതുകളിൽ അല്ല. ഇങ്ങനെയിരിക്കണം അങ്ങനെയിരിക്കണം എന്നൊന്നുമില്ല. കരുണയുള്ളയാളും ഇന്റലിജന്റുമായിരിക്കണമെന്ന് മുമ്പ് ഞാൻ പറയുമായിരുന്നു. പക്ഷെ അതിനപ്പുറം കുറേ കാര്യങ്ങൾ ഉണ്ടെന്ന് മനസിലാക്കിയെന്നും നിത്യാ മേനോൻ പറഞ്ഞു.