മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് നിത്യ മേനോൻ. തിരുച്ചിത്രമ്പലം എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിനാണ് നടിക്ക് പുരസ്കാരം ലഭിച്ചത്. ധനുഷ് നായകനായ സിനിമ ബോക്സ്ഓഫീസിൽ വൻ വിജയമായിരുന്നു. ധനുഷിനൊപ്പം തുല്യ പ്രാധാന്യമുള്ള വേഷമാണ് സിനിമയിൽ നിത്യ ചെയ്തത്.
അഭിനയിച്ച ഭാഷകളിലെല്ലാം ശ്രദ്ധേയ സിനിമകൾ ലഭിച്ച നിത്യക്ക് നേരത്തെ തന്നെ ദേശീയ പുരസ്കാരം ലഭിക്കേണ്ടതായിരുന്നു എന്ന അഭിപ്രായമുണ്ട്. അതേസമയം തിരുച്ചിത്രമ്പലത്തിലെ പ്രകടനത്തിന് പുരസ്കാരം ലഭിച്ചതിൽ ചില വിമർശനങ്ങളും വരുന്നുണ്ട്. തിരുച്ചിത്രമ്പലം കൊമേഴ്ഷ്യൽ സിനിമ മാത്രമാണെന്നും നിത്യയേക്കാൾ അർഹരായവർ ഇത്തവണയുണ്ടായിരുന്നെന്ന് വാദം വന്നു.
നടി സായ് പല്ലവിയായിരുന്നു പുരസ്കാരത്തിന് അർഹയെന്നും അഭിപ്രായം വന്നു. ഗാർഗി എന്ന സിനിമയിലെ സായ് പല്ലവിയുടെ പ്രകടനം ജൂറി അവഗണിച്ചെന്ന് ഇവർ അഭിപ്രായപ്പെട്ടു. സായ് പല്ലവിയുടെ ആരാധകരുടെ വിമർശനം സോഷ്യൽ മീഡിയയിൽ കുറച്ച് നാൾ തുടർന്നു.
ഇപ്പോഴിതാ താൻ പുരസ്കാരത്തിന് അർഹയല്ലെന്ന വാദത്തിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് നിത്യ. തിരുച്ചിത്രമ്പലത്തിലെ തന്റെ പ്രകടനം പുരസ്കാരത്തിന് അർഹമാണെന്ന് നിത്യ പറയുന്നു. ആർക്കും ഇത് എനിക്ക് ലഭിക്കരുതായിരുന്നു എന്ന് വാദിക്കാൻ പറ്റില്ല.
എപ്പോഴും അഭിപ്രായങ്ങൾ വരും. കരിയറിൽ ഞാനെപ്പോഴും ലൈറ്റായ സിനിമകൾ തെരഞ്ഞെടുക്കാനാണ് ശ്രമിച്ചത്. അംഗീകാരത്തിന്റെയും പുരസ്കാരങ്ങളുടെയും പിറകെ ഞാൻ പോയിട്ടില്ല. എനിക്ക് സന്തോഷകരമായ സിനിമകൾ കൊണ്ടുവരാനാണ് ആഗ്രഹം. ആളുകൾ ചിരിക്കണം.
സിനിമ കണ്ട് തിരിച്ച് പോകുമ്പോൾ ആളുകൾ സങ്കടപ്പെടുന്നത് എനിക്കിഷ്ടമല്ല. എന്തിനാണ് നെഗറ്റീവായ ചിന്തകൾ കൊടുക്കുന്നത്. നമുക്ക് സന്തോഷകരമായ കാര്യങ്ങൾ ചെയ്യാം. സിനിമ വളരെ കനത്തതും ഹൃദയം തകർക്കുന്നതുമാണെങ്കിൽ അത് നല്ല സിനിമയാണെന്നും നല്ല അഭിനയമാണെന്നും പറയുന്നു.
തിരുച്ചിത്രമ്പലം ലൈറ്റ് സിനിമയാണെങ്കിലും നല്ല പെർഫോമൻസാണ്. ആർക്കും കരയാനും നിലവിളിക്കാനും പറ്റും. എനിക്കത് ചെയ്യാൻ പറ്റില്ല എന്നല്ല. ഹെവി പെർഫോമൻസ് എനിക്കും പറ്റും. പക്ഷെ എനിക്ക് ലൈറ്റ് സിനിമകൾ ചെയ്യാനാണാഗ്രഹം. ആർക്കും ഡ്രാമ ചെയ്യാം. സ്വാഭാവികമായ അഭിനയമാണ് കഠിനം- നിത്യ മേനോൻ പറഞ്ഞു.
കഴിഞ്ഞ ദിവസം ധനുഷും നിത്യയും ഒന്നിച്ചെത്തുന്ന രണ്ടാമത്തെ സിനിമയും പ്രഖ്യാപിച്ചു. ഇഡ്ഡലി കടൈ എന്നാണ് ചിത്രത്തിന്റെ പേര്.