തെന്നിന്ത്യൻ ആരാധകരുടെ പ്രിയതാരമാണ് നിത്യാ മേനോൻ. ബാലതാരമായിട്ടാണ് നിത്യ വെള്ളിത്തിരയിൽ എത്തുന്നത്.
1998 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഹനുമാൻ എന്ന ഇംഗ്ലീഷ് ഭാഷ ചിത്രത്തിൽ നടി തബുവിന്റെ ഇളയ സഹോദരി ആയിട്ടാണ് നിത്യ അഭിനയിച്ചത്.
2008ൽ പുറത്തിറങ്ങിയ ആകാശഗോപുരം എന്ന മലയാള സിനിമയിലൂടെ നായികയാവുകയായിരുന്നു.
അഞ്ജലി മേനോൻ സംവിധാനം ചെയ്ത വണ്ടർ വുമൺ ആണ് നിത്യയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
സോണി ലിവിൽ സ്ട്രീം ചെയ്യുന്ന ചിത്രത്തിൽ നിത്യക്ക് പുറമെ പാർവതി തിരുവോത്ത്, നാദിയ മൊയ്തു പത്മപ്രിയ, അർച്ചന പത്മിനി, സയനോര ഫിലിപ്പ് തുടങ്ങിയ താരങ്ങളും അഭിനയിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ നിത്യ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
സ്ത്രീകളെക്കുറിച്ച് പൊതുവെ പറഞ്ഞുനടക്കുന്ന പല ധാരണകളും അബദ്ധം നിറഞ്ഞതാണ്. ഒരേ മേഖലയിലുള്ള സ്ത്രീകൾ തമ്മിൽ വലിയ അസൂയയാണ് എന്ന തരത്തിലുള്ള പറച്ചിൽ അത്തരത്തിലുള്ള ഒന്നാണ്.
പുരുഷ താരങ്ങളിൽനിന്ന് മാത്രമാണ് അസൂയ നിറഞ്ഞ പെരുമാറ്റമുണ്ടായതായി എനിക്ക് തോന്നിയിട്ടുള്ളത്. മറ്റു നടിമാരിൽനിന്ന് ഒരിക്കലും എനിക്ക് അങ്ങനെ ഒരു അനുഭവമുണ്ടായിട്ടില്ല.
നമ്മൾ എപ്പോഴും വളരെ സ്നേഹത്തോടെയാണ് ഇടപെടാറുള്ളത്. പരസ്പരം അംഗീകരിച്ചും അഭിനന്ദിച്ചുമാണ് സ്ത്രീകളായ ആർട്ടിസ്റ്റുകൾ മുന്നോട്ടുപോകുന്നത്.
ഞാൻ നിന്റെ സിനിമ കണ്ടിരുന്നു, ഗംഭീരമായിട്ടുണ്ട് എന്നൊക്കെ പല നടിമാരും മറ്റു നടിമാരോട് വളരെ എളുപ്പത്തിൽ പറയാറുണ്ട്.
ഉദാഹരണത്തിന്, തിരുച്ചിത്രമ്പലത്തിൽ റാഷി ഖന്നയും പ്രിയയും ഉണ്ടായിരുന്നു. അവരൊക്കെ വളരെ നല്ല രീതിയിലാണ് എന്നോട് ഇടപെട്ടത്.
എന്നോട് നല്ല സ്നേഹവുമായിരുന്നു. എന്നോടൊപ്പം വർക്ക് ചെയ്ത എല്ലാ സ്ത്രീകളും അങ്ങനെയുള്ളവരായിരുന്നു.
നമ്മളോട് അല്പം വെല്ലുവിളി നിറഞ്ഞ രീതിയിലും അസൂയയോടെയും പെരുമാറിയിട്ടുള്ളത് പുരുഷ താരങ്ങളാണ്- നിത്യ മേനോൻ പറഞ്ഞു.