സ്വയംപ്രഖ്യാപിത ആൾദൈവവും വിവാദനായകനുമായ നിത്യാനന്ദ മരിച്ചെന്ന് അഭ്യൂഹം. സ്വാമി ജീവത്യാഗം ചെയ്തെന്നു നിത്യാനന്ദയുടെ സഹോദരിയുടെ മകനും ശിഷ്യനുമായ സുന്ദരേശ്വരൻ അറിയിച്ചതാണ് അഭ്യൂഹത്തിന് ഇടയാക്കിയിരിക്കുന്നത്. നിത്യാനന്ദയുടെ അനുയായികളുമായി നടത്തിയ വീഡിയോ കോൺഫറൻസിലായിരുന്നു വെളിപ്പെടുത്തൽ.
സനാതധർമം സ്ഥാപിക്കുന്നതിനുവേണ്ടി പോരാടിയ സ്വാമി ജീവത്യാഗം ചെയ്തെന്നാണ് സുന്ദരേശ്വരൻ അറിയിച്ചത്. അതേസമയം, നിത്യാനന്ദ മരിച്ചെന്ന വാർത്ത അടുത്തവൃത്തങ്ങൾ നിഷേധിച്ചു. മരണവാർത്ത ഏപ്രിൽ ഫൂൾ എന്ന അർഥത്തിൽ പങ്കുവച്ചതായിരിക്കാമെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
നേരത്തെയും നിത്യാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട വാർത്തകൾ നിരവധി തമിഴ്, ദേശീയ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.തമിഴ്നാട്ടിലെ തിരുവണ്ണാമലയിലാണ് നിത്യനന്ദയുടെ ജനനം. തനിക്കു ദിവ്യശക്തി ഉണ്ടെന്ന് പ്രചരിപ്പിച്ച് വലിയതോതിൽ ആളുകളെ ആകർഷിച്ചിരുന്നു നിത്യാനന്ദ. രാജ്യത്തും വിദേശത്തുമായി നിരവധി ആശ്രമങ്ങൾ സ്ഥാപിച്ചു.
2010ൽ സിനിമാ നടിക്കൊപ്പമുള്ള സ്വകാര്യവീഡിയോ പുറത്തുവന്നതോടെയാണ് നിത്യാനന്ദ പൊതുമധ്യത്തിൽ അസ്വീകാര്യനായി മാറുന്നത്. ഇതിനിടെ ബലാത്സംഗക്കേസുകളിലും നിത്യാനന്ദ അകപ്പെട്ടു. തങ്ങളുടെ മൂന്നു കുട്ടികളെ തട്ടിക്കൊണ്ടുപോയി എന്ന ദമ്പതിമാരുടെ പരാതിക്കു പിന്നാലെയാണ് നിത്യാനന്ദ ഇന്ത്യ വിട്ടത്. ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിനു സമീപത്തുള്ള ദ്വീപുകളിലൊന്നു വാങ്ങി ‘കൈലാസ’ എന്ന പേരിൽ രാജ്യമുണ്ടാക്കി ജീവിക്കുകയാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ കൈലാസ ഒരു വ്യാജരാജ്യമാണെന്നും തട്ടിപ്പാണെന്നും ആക്ഷേപമുണ്ടായി.