അഹമ്മദാബാദ്: പ്രായപൂർത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ടുപോയി തടവിൽവച്ചതടക്കമുള്ള കുറ്റങ്ങൾക്ക് ആൾദൈവം നിത്യാനന്ദ യ്ക്കെതിരേ ഗുജറാത്ത് പോലീസ് കേസെടുത്തു. സ്വാമിയുടെ ശിഷ്യകളും അഹമ്മദാബാദ് ആശ്രമത്തിന്റെ ചുമതലക്കാരുമായ സ്വാമിനി പ്രാണപ്രിയാനന്ദ, സ്വാമിനി പ്രിയതത്വ പൃഥ്വി കിരണ്‍ എന്നിവരെ അറസ്റ്റ് ചെയ്തു.
ആശ്രമത്തിൽനിന്നും ഒരു ഫ്ളാറ്റിൽനിന്നും നാലു കുട്ടികളെ രക്ഷപ്പെടുത്തിയതിനു പിന്നാലെയാണ് നടപടി. കുട്ടികളെ തട്ടിക്കൊണ്ടുപോകൽ, തടവിൽ വയ്ക്കൽ, ശാരീരിക മർദനത്തിന് ഇരയാക്കൽ, നിർബന്ധിതമായി ജോലി ചെയ്യിപ്പിക്കൽ, സംഭാവന ലഭിക്കാൻ ഉ പയോഗപ്പെടുത്തൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് സ്വാമിക്കും ശിഷ്യകൾക്കും എതിരേ ചുമത്തിയിരിക്കുന്നത്. രക്ഷിതാക്കൾ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഹമ്മദാബാദിലെ ആശ്രമത്തിൽനിന്നു രണ്ടു കുട്ടികളെ മോചിപ്പിച്ചത്.
ഫ്ളാറ്റിൽനിന്നു കണ്ടെത്തിയ ഒൻപതും പത്തും പ്രായമുള്ള കുട്ടികളുടെ രക്ഷിതാക്കളെ കണ്ടെത്താൻ ശ്രമം ആരംഭിച്ചു. കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് കേസ് രജിസ്റ്റർ ചെ യ്തത്. ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചും മതപരമായ ചടങ്ങുകളിൽ കുട്ടികളെ പങ്കെടുപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു.
പ്രായപൂർത്തിയാകാത്ത രണ്ടു പെണ്മക്കളെ ആശ്രമത്തിൽ തടവിൽ വച്ചിരിക്കുകയാണെന്നാരോപിച്ച് ജനാർദന ശർമ എന്നയാൾ ഗുജറാത്ത് ഹൈക്കോടതി യിൽ പരാതി നല്‍കിയിരുന്നു. ഈ കുട്ടികളെ രക്ഷിച്ച് രക്ഷിതാക്കൾക്കു കൈമാറിയെന്നു പോലീസ് അറിയിച്ചു.