ന്യൂഡൽഹി: തന്നെ ഒരാൾക്കും തൊടാൻ പോലുമാകില്ലെന്ന് വെല്ലുവിളിച്ച് ബലാത്സംഗകേസിൽ ആരോപണ വിധേയനായി രാജ്യംവിട്ട ആൾദൈവം നിത്യാനന്ദ. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിലാണു നിത്യാനന്ദയുടെ വെല്ലുവിളി. നിത്യാനന്ദ ഇന്ത്യവിട്ടെന്ന ഗുജറാത്ത് പോലീസിന്റെ സ്ഥിരീകരണം വന്നതിനു പിന്നാലെയാണു വീഡിയോ പ്രചരിച്ചുതുടങ്ങിയത്.
തന്റെ കഴിവ് എന്താണെന്നു താൻ കാട്ടിത്തരും. അതിലൂടെ യാഥാർത്ഥവും സത്യവും വെളിവാകും. ഇപ്പോൾ തന്നെ തൊടാൻ പോലും ആർക്കുമാകില്ല. ഒരു വിഡ്ഢി കോടതിക്കും സത്യം വെളിപ്പെടുത്തുന്നതിന്റെ പേരിൽ തന്നെ വിചാരണ ചെയ്യാനാകില്ല.
താൻ പരമശിവനാണെന്നും വീഡിയോയിൽ നിത്യാനന്ദ പറയുന്നു. തന്റെ സ്ഥിരം വേഷവും തലപ്പാവും ധരിച്ചാണു വീഡിയോയിൽ നിത്യാനന്ദ പ്രത്യക്ഷപ്പെടുന്നത്. വീഡിയോ എപ്പോൾ പകർത്തിയാണെന്നോ എവിടെവച്ച് പകർത്തിയതാണെന്നോ വ്യക്തമല്ല.
ബലാത്സംഗക്കേസിൽ പോലീസിന്റെ പിടിയിലാകുമെന്ന് ഉറപ്പായ സാഹചര്യത്തിലാണു നിത്യാനന്ദ രാജ്യംവിട്ടത്. നിത്യാനന്ദയുടെ പാസ്പോർട്ടിന്റെ കാലാവധി 2018 സെപ്റ്റംബറിൽ തന്നെ അവസാനിച്ചിരുന്നു. എന്നിട്ടും അദ്ദേഹം എങ്ങനെയാണു രാജ്യംവിട്ടതെന്നോ എവിടേക്കാണു പോയതെന്നോ വ്യക്തമല്ല. നിത്യാനന്ദയുടെ പാസ്പോർട്ട് ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. പുതിയ പാസ്പോർട്ടിനായുള്ള നിത്യാനന്ദയുടെ അപേക്ഷയും നിരസിച്ചതായി വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു.
നിത്യാനന്ദ ഇക്വഡോറിൽ വാങ്ങിയ ദീപിൽ കൈലാസ എന്ന ഹിന്ദു രാജ്യം സ്ഥാപിച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇക്വഡോർ ഇതു നിഷേധിച്ചു. നിത്യാനന്ദയ്ക്ക് അഭയം നൽകാൻ സഹായിക്കുകയോ ദക്ഷിണ അമേരിക്കയിൽ ഏതെങ്കിലും ഭൂമി വാങ്ങിക്കുവാൻ സഹായിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇക്വഡോർ അറിയിച്ചു. അഭയം നൽകണമെന്ന് നിത്യാനന്ദ ആവശ്യപ്പെട്ടിരുന്നെങ്കിലും തങ്ങൾ ആവശ്യം നിരാകരിക്കുകയായിരുന്നു എന്നും പിന്നീട് അദ്ദേഹം ഹെയ്ത്തിയിലേക്ക് പോയതായും ഇക്വഡോർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
“No judiciary can touch me. M param shiva”
: #NithyanandaSwami from an undisclosed location. pic.twitter.com/WXdZ6bGCdO— Divesh Singh (@YippeekiYay_DH) November 22, 2019