തടി കൂടിയതിന്റെ പേരിൽ താനും ഒരുപാട് വിമർശനങ്ങൾക്കും കളിയാക്കലുകൾക്കും ഇരയായിട്ടുണ്ടെന്ന് നടി നിത്യ മേനോൻ. വടിവൊത്ത ശരീരത്തോടെ മെലിഞ്ഞ സുന്ദരിയായിരിക്കണം നായിക എന്ന സങ്കൽപത്തെ മാറ്റി എഴുതിയ നടിയാണ് നിത്യാ മേനോൻ.
തടിച്ചുരുണ്ട രൂപത്തിന് സിനിമയിൽ വേഷം ലഭിക്കില്ല എന്ന തെറ്റിദ്ധാരണയിൽ തടി കുറച്ച് രൂപമില്ലാത്ത രൂപത്തിലെത്തിയ പല നായികമാരെയും കണ്ടിട്ടുണ്ട്, എന്നാൽ നിത്യ മേനോൻ ഒരിക്കലും അവസരങ്ങൾക്ക് വേണ്ടിയോ മറ്റുള്ളവരെ സംതൃപ്തിപ്പെടുത്താനോ തന്റെ രൂപത്തിൽ മാറ്റം വരുത്താൻ ശ്രമിച്ചിട്ടേയില്ല.
ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. തീർച്ചയായും ഞാൻ തടിയുടെ പേരിൽ കളിയാക്കപ്പെട്ടിട്ടുണ്ട്. അതിൽ സംശയമില്ല, പക്ഷെ ഒരു കാര്യം ഉറപ്പാണ്, നിങ്ങളെക്കാൾ തടി കുറവുള്ളവരാണ് വിമർശിക്കുന്നത്. കൂടുതലുള്ളവർ മിണ്ടില്ല.
എന്തുകൊണ്ടാണ് നിങ്ങളിങ്ങനെ തടി വയ്ക്കുന്നത് എന്നാരും ചോദിക്കില്ല. അവർ നമ്മളെ കുറിച്ച് പലതും അനുമാനിക്കുകയാണ് ചെയ്യുന്നത്. എന്തെങ്കിലും അസുഖം കൊണ്ടാണോ ഇങ്ങനെ ശരീര ഭാരം കൂടുന്നത് എന്നൊന്നും വിമർശിക്കുന്നവർക്ക് ചിന്തിക്കേണ്ടതില്ലല്ലോ.
മറ്റുള്ളവരെ കളിയാക്കുന്നതിൽ എന്താവും ഇത്രയധികം ആനന്ദം കാണുന്നത് എന്ന് മനസിലാവുന്നില്ല. ഞാനൊരിക്കലും തടി കൂടിയതിന്റെ പേരിൽ മറ്റുള്ളവർ കളിയാക്കുകയോ വിമർശിക്കുകയോ ചെയ്യുന്പോൾ കരയുകയോ പ്രതിഷേധിക്കുകയോ ചെയ്യാറില്ല.
എന്തെന്നാൽ അവർ വിമർശിക്കുന്ന ഈ രൂപം വച്ച് എന്റെ കഴിവിന്റെ പരമാവധി ഞാൻ നൽകുന്നുണ്ട്. ഇതൊക്കെ ചെറിയ കാര്യമാണ്. വ്യക്തിപരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിലും പ്രതിഷേധിക്കുന്നതിലും ഞാൻ വിശ്വസിക്കുന്നില്ല. അതിൽ നിന്നും ഞാൻ മറികടക്കും.
ഇൻഡസ്ട്രിയിലുള്ള ആളുകൾ എന്നെ നോക്കുന്ന രീതി എങ്ങനെയോ, എന്തോ ആവട്ടെ അതിനെ കുറിച്ച് ഞാൻ ചിന്തിക്കുന്നതേയില്ല. എന്റെ കടമ ഞാൻ ചെയ്യുന്നു. അത് എന്നെ കുറിച്ച് പറയും. തടിയല്ല വിഷയം- നിത്യ മേനോൻ പറഞ്ഞു.