കാട്ടിക്കുളം: തിരുനെല്ലി നിട്ടറ നിവാസികൾക്ക് ആശ്രയമായിരുന്ന പാലം നിർമ്മിക്കാൻ നടപടിയായില്ല. പതിനാല് വർഷം മുന്പാണ് തിരുനെല്ലി നിട്ടറയിലെ പാലം കാലവർഷത്തിൽ ഒരു ഭാഗം ഒഴുകി പോയത്. അന്ന് 20 ലക്ഷം രൂപ മുടക്കിയാണ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും തിരുനെല്ലി ഗ്രാമപ്പഞ്ചായത്തും സംയുകതമായി പാലം നിർമ്മിച്ചത്. എന്നാൽ ആ വർഷം തന്നെ പാലത്തിന്റെ ഒരു ഭാഗം ഒഴുകി പോയി.
വർഷങ്ങൾ കഴിഞ്ഞിട്ടും നിട്ടറയിൽ പാലം നിർമ്മിക്കാൻ മാറി വരുന്ന സർക്കാർ തയാറായിട്ടില്ല. നാനൂറോളം വനവാസികളാണ് ഇവിടെ കഴിയുന്നത്. മുൻ സർക്കാർ നിട്ടറയിലെ പാലത്തിനും റോഡിനുമായി പത്ത് കോടി അനുവദിച്ചിരുന്നു.
എന്നാൽ ഫണ്ട് വകമാറ്റി. തുടർന്ന് കോളനിവാസികൾ താൽക്കാലിക മുള പാലം കെട്ടിയാണ് വിദ്യാർത്ഥികളും പ്രദേശവാസികളും കാലം കഴിച്ചത്. ജീവൻ പണയം വെച്ചാണ് പാലം കടക്കുന്നത്. എന്നാൽ മാസങ്ങൾക്ക് മുന്പ് പ്രധാനമന്ത്രി റോഡ്സഡക്ക് യോജന പദ്ധതിയിൽ 15 കോടിയും സ്ഥലം എംഎൽഎ ഫണ്ടിൽ രണ്ട് കോടി രൂപയും അനുവദിച്ചിട്ടും ഭരണകൂടം പാലത്തിന്റെ നിർമ്മാണം തുടങ്ങാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ലന്നാണ് പരാതി.
അടിസ്ഥാന സൗകര്യമായ റോഡു പോലും നിട്ടറക്ക് ഇല്ലാതെ ദുരിത ജീവിതം പേറുകയാണ് കോളനിവാസികൾ. വനവാസികളുടെ കോടിക്കണക്കിന് വരുന്ന ഫണ്ടുകൾ വകമാറ്റി രസിക്കുകയാണ് ട്രൈബൽ വകുപ്പും മാറി വരു വരുന്ന സർക്കാരുകളും.