വെറുതേ ഒരു ഭാര്യ എന്ന ചിത്രത്തിൽ ജയറാമിന്റെ മകളായി എത്തിയ നിവേത തോമസ് തെലുങ്കിൽ ജൂനിയർ എൻടിആറിന്റെ നായികയാകുന്നു. തെലുങ്കിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ നായികയായാണ് നിവേത എത്തുന്നത്. ഈ വാർത്ത ട്വറ്ററിലൂടെ അറിയിച്ചത് നായകൻ ജൂനിയർ എൻ ടി ആർ തന്നെയാണ്.
ജയ് ലാവ കുസ സർദ്ദാർ ഗബ്ബാർ സിങ് എന്ന ചിത്രം ചെയ്തതിലൂടെ ശ്രദ്ധേയനായ സംവിധായകൻ കെഎസ് രവീന്ദ്ര ഒരുക്കുന്ന ജയ് ലാവ കുസ എന്ന ചിത്രത്തിലാണ് നിവേത ജൂനിയർ എൻ ടി ആറിനൊപ്പം അഭിനയിക്കുന്നത്. നന്ദകുമാരി കല്യാണ് റാമാണ് ചിത്രം നിർമിക്കുന്നത്. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ സി.കെ മുരളീധരനാണ്. ഇതിനോടകം തെലുങ്കിൽ വിജയിച്ച നടി എന്ന പേര് നിവേത നേടിക്കഴിഞ്ഞു. ജെന്റിൽമാൻ എന്ന ചിത്രത്തിലൂടെയാണ് നിവേത തെലുങ്കിലെത്തിയത്.
നാനിക്കൊപ്പം അഭിനയിച്ച ചിത്രം മികച്ച വിജയം നേടി. നിന്നു കോരി എന്ന പുതിയ ചിത്രത്തിലും നിവേത തെലുങ്കിൽ കരാറൊപ്പുവച്ചിട്ടുണ്ട്. തമിഴിലും വിജയം കണ്ടതിന് ശേഷമാണ് നിവേത തെലുങ്കിലേക്ക് ചുവടുമാറിയത്. പാപനാശത്തിൽ കമലഹാസന്റെയും ജില്ലയിൽ മോഹൻലാലിന്റെയും മകളായി അഭിനയിച്ച നിവേത, നവീന സരസ്വതി ശപതം എന്ന ചിത്രത്തിൽ ജയ് യുടെ നായികയായും വേഷമിട്ടിരുന്നു. മലയാളത്തിൽ ബാലതാരമായിട്ടാണ് നിവേത ഇപ്പോഴും അറിയപ്പെടുന്നത്. വെറുതെ ഒരു ഭാര്യ കൂടാതെ, മധ്യവേനൽ, പ്രണയം, ചാപ്പാക്കുരിശ്, തട്ടത്തിൻ മറയത്ത്, റോമൻസ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മണിരത്നം എന്ന ചിത്രത്തിൽ ഫഹദിന്റെ നായികയായിട്ടാണ് ഏറ്റവുമൊടുവിൽ മലയാളത്തിലെത്തിയത്.