പാലക്കാട്: മുൻസിപ്പൽ ബസ് സ്റ്റാന്റിന് സമീപമുള്ള ബിൽഡിങ്ങ് തകർന്ന് വീണതിനെ തുടർന്ന് നിലവിലുള്ള മുൻസിപ്പൽ ബസ്സ് സ്റ്റാന്റിൽ വന്നുകൊണ്ടിരുന്ന ബസ്സുകൾ ഇപ്പോൾ സർവ്വീസ് നടത്താത്തതു മൂലം 1000-ത്തോളം വ്യാപാരികളുടെ ഉപജീവനമാർഗ്ഗം ദുസ്സഹമായതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, പാലക്കാട് ടൗണ്‍ യൂണിറ്റ് യോഗം വിലയിരുത്തി.
അതിനാൽ മുൻസിപ്പൽ ബസ്സ് സ്റ്റാന്റിൽ നിലവിൽ വന്നുകൊണ്ടിരിക്കുന്ന ബസുകൾ സ്റ്റാന്റിന്റെ അകത്തോ പുറത്തോ വന്ന് ആളുകളെ കയറ്റുന്നതിനുമുള്ള സൗകര്യം ഏർപ്പെടുത്തുവാനും, തകർന്ന് വീണ കെട്ടിടത്തിൽ ഉപജീവനം നടത്തുന്ന കച്ചവടക്കാർക്ക് അവിടെ അവരുടെ വ്യാപാരം നടത്തുവാനുമുള്ള സംവിധാനം ഏർപ്പെടുത്തണമെന്നും നഗരസഭ ചെയർപേഴ്സണ്‍ പ്രമീള ശശിധരന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ടൗൺ യൂണിറ്റ് പ്രസിഡണ്ട് എം. അസ്സൻ മുഹമ്മദ് ഹാജി നിവേദനം നൽകി.
ഭാരവാഹികളായ ടൗണ്‍ യൂണിറ്റ് ട്രഷറർ മണികണ്ഠൻ.കെ.നായർ, എക്സിക്യൂട്ടീവ് മെന്പർ വി.എം.മധു, എം. നാസർ, സി.ഡി. സുരേഷ്, സി.ഉസ്മാൻ, യൂത്ത് വിംങ്ങ് ട്രഷറർ കെ.എം. ഷാജഹാൻ എന്നിവർ പങ്കെടുത്തു.