നിവേദിത നാളെ പെരിയാറിന്റെ ഓളങ്ങളെ കീഴടക്കാനിറങ്ങും

NIVEDITHA2ആലുവ: അഞ്ചര വയസുകാരി നിവേദിത നാളെ പെരിയാറിന്റെ ഓളങ്ങളെ കീഴടക്കാനിറങ്ങും. അതോടെ ആലുവ പെരിയാറിന് കുറുകെ നീന്തിയ ഏറ്റവും പ്രായം കുറഞ്ഞയാള്‍ എന്ന അംഗീകാരവും നിവേദിത സ്വന്തമാക്കും.

പാതാളം മാടപ്പറമ്പില്‍ സുചീന്ദ്രന്റെയും ജിഷയുടെയും രണ്ടാമത്തെ മകളും മഞ്ഞുമ്മല്‍ ഗാര്‍ഡിയന്‍ എയ്ഞ്ചല്‍സ് പബ്ലിക് സ്കൂള്‍ യുകെജി വിദ്യാര്‍ഥിനിയായ നിവേദിത നാളെ രാവിലെ ഒമ്പതിനാണ് ആലുവ അദ്വൈതാശ്രമ കടവില്‍ നിന്നും മണപ്പുറം കടവിലേക്ക് നീന്തുന്നത്. ആലുവ വാളാശേരില്‍ റിവര്‍ സ്വിമിംഗ് ക്ലബിന്റെ മുഖ്യ പരിശീലകന്‍ സജിയുടെ നേതൃത്വത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയാണ് നിവേദിത നാളെ ജനപ്രതിനിധികളെയും നാട്ടുകാരെയുമെല്ലാം സാക്ഷിനിര്‍ത്തി പുഴ നീന്തി കടക്കുന്നത്. കഴിഞ്ഞ സെപ്തംബര്‍ 28നാണ് പരിശീലനം ആരംഭിച്ചത്.

നിവേദിതയുടെ ചേച്ചി ഏഴാം ക്ലാസുകാരി ദേവിക കഴിഞ്ഞ മേയില്‍ പെരിയാര്‍ നീന്തി കടന്നിരുന്നു. ഇതില്‍ നിന്നുള്ള പ്രചോദനം ഉള്‍കൊണ്ടാണ് നിവേദിതയും സജിയുടെ കീഴില്‍ നീന്തല്‍ പരിശീലനത്തിനെത്തിയത്. നിത്യേനയെന്നോണം സംഭവിക്കുന്ന മുങ്ങിമരണങ്ങളുടെ പശ്ചാത്തലത്തില്‍ തികച്ചും സൗജന്യമായാണ് സജി കുട്ടികളെയും മുതിര്‍ന്നവരെയും നീന്തല്‍ പരിശീലിപ്പിക്കുന്നത്.

കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ സജിയുടെ കീഴില്‍ 800ഓളം കുട്ടികള്‍ നീന്തല്‍ പരിശീലനം നേടിയിട്ടുണ്ട്. 250 ഓളം കുട്ടികള്‍ പെരിയാര്‍ നീന്തികടന്നു. നാളെ രാവിലെ അദ്വൈതാശ്രമം കടവില്‍ ആശ്രമം മേല്‍ശാന്തി പി.കെ. ജയന്തന്‍ നീന്തല്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ആലുവ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലിസി എബ്രഹാം, അങ്കമാലി നഗരസഭ ചെയര്‍പേഴ്‌സണ്‍ ഗ്രേസി ജോയ്, ഗാര്‍ഡിയന്‍സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. നിക്‌സണ്‍ ജോസ് തുടങ്ങിയവര്‍ നിവേദിതയുടെ ചരിത്ര പ്രകടനത്തിന് സാക്ഷ്യം വഹിക്കാനെത്തും.

Related posts