സിംഗപ്പൂർ: 2021 മിസ് വേൾഡ് സിംഗപ്പൂരിൽ ഫിനാലെയിൽ മലയാളിത്തിളക്കം.
ഇന്നലെ നടന്ന ഫൈനലിൽ മലയാളിയായ നിവേദ ജയശങ്കർ സെക്കൻഡ് പ്രിൻസസ് ആയി വിജയിച്ചു. 2021 മിസ് വേൾഡ് സിംഗപ്പൂരിന്റെ ഫൈനൽ റൗണ്ടിൽ എത്തുന്ന ഏക ഇന്ത്യൻ കൂടിയാണ് നിവേദ.
സെക്കൻഡ പ്രിൻസസ് ടൈറ്റിൽ കൂടാതെ, മിസ് ഫോട്ടോജനിക്, മിസ് ഗുഡ് വിൽ അംബാസഡർ ടൈറ്റിലുകളും നിവേദയ്ക്ക് വിജയിക്കാനായി.
മെക്കാനിക്കൽ എഞ്ചിനിയറിംഗിൽ ബിരുദമുള്ള നിവേദ ജയശങ്കർ, സിംഗപ്പൂരിലെ യുണിയൻ ഓവർസീസ് ബാങ്കിൽ അനലിസ്റ്റ് ആയി ജോലി ചെയ്യുകയാണ്.
അടിസ്ഥാനജീവിതസൗകര്യങ്ങളില്ലാത്ത വീടുകളിലെ കുട്ടികൾക്കായി പഠനസൗകര്യങ്ങൾ ഒരുക്കുന്ന എൻജിഒയുടെ വോളൻറിയർ കൂടിയാണ് നിവേദ.
സിംഗപ്പൂർ മലയാളികളായ ജയശങ്കറിന്റെയും നന്നിതയുടെയും മൂത്ത മകളാണ് നിവേദ.
എസ്.ടി മൈക്രോഇലക്ട്രോണിക്സിൽ സീനിയർ മാനേജറായി ജോലി ചെയ്യുന്ന അച്ഛൻ ജയശങ്കർ, സിംഗപ്പൂരിൽ അറിയപ്പെടുന്ന ചിത്രകാരൻ കൂടിയാണ്.
കെപിഎംജിയിലെ അസോസിയേറ്റ് ഡയറക്ടർ അമ്മ – നന്നിത സിംഗപ്പൂരിലെ പ്രമുഖ നടിയും കൂടിയാണ്, സിംഗപ്പൂരിലെ നിരവധി നാടകങ്ങളിലും ഷോർട്ട് ഫിലിമുകളിലും നന്നിത അഭിനയിച്ചിട്ടുണ്ട് .
ഇപ്പോൾ 26 വർഷമായി സിംഗപ്പൂരിൽ സ്ഥിരതാമസമാക്കിയ നിവേദയുടെ പിതാവ് ചേർത്തലയിലെ പാണാവള്ളി സ്വദേശിയും അമ്മ എറണാകുളത്തെ വടക്കൻ പറവൂർ സ്വദേശിയുമാണ്.
നിവേദയുടെ ഇളയ സഹോദരി മേഘ്ന സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിൽ ബിരുദം പൂർത്തിയാക്കുന്നു.
യുവ തലമുറയെ വാർത്തെടുക്കുന്നതിൽ വിദ്യാഭ്യാസത്തിന്റെ പങ്കിൽ ഉറച്ചു വിശ്വസിക്കുന്ന നിവേദ തുടർന്നും, പാവപ്പെട്ട കുട്ടികൾക്കായി അധ്യാപന സൗകര്യങ്ങൾ ഒരുക്കാനും അതോടൊപ്പം മറ്റുള്ളവരെ ഇത്തരം ചാരിറ്റി പ്രവർത്തനങ്ങൾക്ക് പ്രോത്സാഹിപ്പിക്കുവാനും മിസ് വേൾഡ് സിംഗപ്പൂർ പ്ലാറ്റ്ഫോം ഉപയോഗിക്കാനാണ് താൽപര്യപ്പെടുന്നത്.