തളിപ്പറമ്പ്: ഗുരുക്കന്മാരില്ലാതെ തനിച്ച് സ്വായത്തമാക്കിയ ചിത്രകലയില്‍ അത്ഭുതപ്പെടുത്തുന്ന മികവുമായി നിവേദ്യാ സുരേന് കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നു. പ്ലസ്ടു കഴിഞ്ഞ് മെഡിസിന് പഠനത്തിന് ചേര്‍ന്നു കഴിഞ്ഞ നിവേദ്യ എല്‍കെജി മുതല്‍ ചിത്രം വരച്ചു തുടങ്ങിയിരുന്നു.
അച്ഛനും അമ്മയും ബന്ധുക്കളുമെല്ലാം പ്രോത്സാഹിപ്പിച്ചതോടെ ചിത്രരചനയുടെ വ്യത്യസ്ത തലങ്ങളിലേക്ക് തിരിഞ്ഞ ഈ കൊച്ചു മിടുക്കി കാന്‍വാസിലും മൈക്രോ ആര്‍ട്ടിലും ഡൂഡിൽ, മ്യൂറല്‍ പെയിന്റിംഗുകളിലും പ്രാവീണ്യം നേടി. പഠനത്തിരക്കുകള്‍ക്കിടയില്‍ ഒഴിവ് സമയങ്ങള്‍ മാത്രമാണ് നിവേദ്യ ചിത്രരചനക്ക് നീക്കി വയ്ക്കുന്നത്.
ഇപ്പോള്‍ വിവാഹ ആല്‍ബം വര്‍ക്കുകളിലും തുണികളിലും ചിത്രരചനയുടെ കഴിവുകള്‍ ഉപയോഗപ്പെടുത്തുന്ന നിവേദ്യയുടെ ചിത്രങ്ങള്‍ വില കൊടുത്തു വാങ്ങാനും നിരവധിയാളുകള്‍ എത്തുന്നുണ്ട്. കടലാസുകളിലും പുസ്തകങ്ങളിലും പെന്‍സിലും പേനകളും ഉപയോഗിച്ച് കോറിയിട്ടിരുന്ന ചെറിയ ചെറിയ ചിത്രങ്ങള്‍ എങ്ങനെ ചിത്രരചന എന്ന വലിയ കാന്‍വാസിലേക്ക് ഈ പെണ്‍കുട്ടിയെ കൊണ്ടെത്തിച്ചു എന്നത് നിവേദ്യയെ അറിയുന്ന എല്ലാവര്ക്കും അത്ഭുതമാണ്.
പട്ടുവം അരിയില്‍ സ്വദേശിനിയായ നിവേദ്യ വിദേശത്ത് ജോലി ചെയ്യുന്ന സുരേന്ദ്രന്റെയും ഇന്ദിരയുടെയും മകളാണ്. മൈക്രോ-മ്യൂറല്‍ പെയിന്റിംഗുകളില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് നിവേദ്യയുടെ താല്പര്യം.