തിരുവനന്തപുരം: സിനിമയില്‍ അവസരം വാഗ്ദാനം പീഡിപ്പിച്ചെന്ന യുവതിയുടെ ആരോപണത്തില്‍ ഡിജിപിക്ക് പരാതി നല്കി നടന് നിവിന്‍ പോളി. യുവതിയുടെ വ്യാജ ആരോപണത്തിന് പിന്നിൽ ഗുഢാലോചനയുണ്ടെന്ന് നിവിന്‍ പരാതിയില്‍ പറയുന്നു.
അതേസമയം, കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നിവിന്‍ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. തനിക്ക് പെണ്‍കുട്ടിയെ അറിയില്ലെന്നും പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമാണ് നിവിന്‍ പോളിയുടെ നിലപാട്. ഇതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന അഭിഭാഷകനുമായി നടന് കൂടിക്കാഴ്ച നടത്തി.
തന്റെ പരാതി കൂടി സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം പരിശോധിച്ച് നിലപാടിലെത്തണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് നിവിൻ മുന്നോട്ട് വയ്ക്കുന്നത്.
അഭിനയിക്കാന്‍ അവസരം നല്കി ദുബായിയില്‍ വച്ച് നിവിന്‍ പോളി ഉള്‍പ്പെടെയുള്ള പ്രതികള്‍ പീഡിപ്പിച്ചെന്നാണ് എറണാകുളം ഊന്നുകല്‍ സ്വദേശിനിയായ യുവതിയുടെ പരാതി. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്യുകയും യൂറോപ്പില്‍ ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തു.
അതിന് ശേഷം ദുബായിയില്‍ കൊണ്ടുപോയി ജ്യൂസില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്കി പീഡിപ്പിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ ആറാം പ്രതിയാണ് നിവിന്‍. കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ ഇന്ന് നിയോഗിച്ചേക്കും.