മട്ടന്നൂർ: സിനിമാ ഷൂട്ടിംഗ് ലൊക്കേഷനിൽനിന്ന് കാറിലെത്തിയ നാലംഗസംഘം ഭക്ഷണവുമായി കടന്നു. ഇന്നലെ രാത്രി 10ഓടെ കാഞ്ഞിലേരിയിലായിരുന്നു സംഭവം.
നിവിൻ പോളി നായകനായ പടവെട്ട് സിനിമയുടെ ഷൂട്ടിംഗായിരുന്നു കാഞ്ഞിലേരിയിൽ നടന്നിരുന്നത്. സിനിമ ചിത്രീകരിക്കുന്നതിനിടയിൽ അഭിനേതാക്കൾക്കും പിന്നണി പ്രവർത്തകർക്കും കഴിക്കാൻ വച്ച ചിക്കനും പൊറോട്ടയുമാണ് മോഷ്ടിച്ചത്. 80 പേർക്കുള്ള ഭക്ഷണമാണ് കാറിലെത്തിയ നാലംഗ സംഘം എടുത്തുകൊണ്ടുപോയത്.
ഇവർ ഭക്ഷണം കവരുന്നത് സമീപവാസിയായ അമൽ എന്ന യുവാവ് മൊബൈൽ കാമറയിൽ പകർത്തി. ഇതുകണ്ട നാലംഗ സംഘം അമലിനെ മർദിച്ചു. പരിക്കേറ്റ അമൽ കൂത്തുപറന്പ് ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ കുറിച്ച് മാലൂർ പോലീസ് അന്വേഷണം തുടങ്ങി.