ചരിത്രകഥാപാത്രമായ കായംകുളം കൊച്ചുണ്ണിയെ തിരശീലയിൽ അവതരിപ്പിക്കാൻ നിവിനെ തെരഞ്ഞെടുത്ത വാർത്ത കേട്ടതു മുതൽ ആകാംക്ഷയിലായിരുന്നു ആരാധകർ. ഇതിനിടെ പ്രതീക്ഷകൾ വാനോളമുയർത്തി കായംകുളം കൊച്ചുണ്ണിയുടെ ഫസ്റ്റ് കാരക്ടർ സ്കെച്ച് പുറത്തിറങ്ങി. സംവിധായകൻ റോഷൻ ആൻഡ്രൂസാണ് ഫേസ്ബുക്കിലുടെ ചിത്രം പുറത്തുവിട്ടത്.
മുടി പറ്റെ വെട്ടി മീശ പിരിച്ച ലുക്കിലുള്ള കൊച്ചുണ്ണിയുടെ നെഞ്ചിലും അരയിലും കത്തിയും തോളിൽ തോക്കും തിരകളുമുണ്ട്. എന്തായാലും നിവിൻ പോളിയുടെ അഭിനയജീവിതത്തിൽ വെല്ലുവിളി നിറഞ്ഞ കഥാപാത്രമാകുമിത് എന്നതിൽ സംശയമില്ല. ചിത്രത്തിനായി അദ്ദേഹം ശരീര ഭാരം കുറയ്ക്കുമെന്നും ആയോധന കലയായ കളരിപ്പയറ്റ് അഭ്യസിക്കുന്നുവെന്നുമാണ് റിപ്പോർട്ട്.
തിരുവനന്തപുരത്തെ പഴയ ഭാഷാ ശൈലിയാകും ചിത്രത്തിൽ ഉപയോഗിക്കുന്നത്. കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ഐതിഹ്യമാലയിലെ കായംകുളം കൊച്ചുണ്ണി എന്ന കഥയെ അടിസ്ഥാനമാക്കി ബോബി- സഞ്ജയ് എന്നിവരാണ് തിരക്കഥ രചിക്കുന്നത്. അമല പോളാണ് നായിക. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോഗുലം ഗോപാലനാണ് ചിത്രം നിർമിക്കുന്നത്.