സോഷ്യല്‍മീഡിയയെ കണ്ണീരിലാഴ്ത്തിക്കൊണ്ടുള്ള ഒരറിയിപ്പാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. രണ്ടു വയസുകാരി നിയ മോളുടെ അവസ്ഥയാണ് മനസാക്ഷിയുള്ളവരുടെ കണ്ണ് നനയിക്കുന്നത്. ജന്മനാ കേള്‍വിശക്തിയില്ലാത്ത നിയയ്ക്ക് നാല് മാസം മുമ്പാണ് കേള്‍വിശക്തി കിട്ടുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും കോക്ലിയാര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയയിലൂടെയായിരുന്നു അത്. എന്നാല്‍ ഇപ്പോഴിതാ ശബ്ദങ്ങള്‍ ആസ്വദിച്ച് തുടങ്ങുന്നതിന് മുമ്പു തന്നെ അടുത്ത തിരിച്ചടിയും നിയയ്ക്ക് ലഭിച്ചിരിക്കുന്നു.
സ്പീച്ച് തെറാപ്പിക്കായി ആഴ്ചയില്‍ മൂന്നുതവണയാണ് നിയ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്നത്. കഴിഞ്ഞ സ്പീച്ച് തെറാപ്പിക്കായി പോകുമ്പോള്‍ ശനിയാഴ്ച ചെന്നൈ എഗ്മൂര്‍ ട്രെയിനിലെ ലേഡീസ് കമ്പാര്‍ട്ടുമെന്റില്‍ നിന്ന് കോക്ലിയാര്‍ ഇംപ്ലാന്റിന്റെ സ്പീച്ച് പ്രോസസര്‍ നഷ്ടപ്പെടുകയായിരുന്നു. സ്വര്‍ണ്ണമോ വിലപിടിപ്പുള്ള മറ്റെന്തെങ്കിലുമോ ആണെന്നു കരുതി ആരോ ബാഗ് തട്ടിയെടുക്കുകയായിരുന്നു. എന്നാല്‍ അതിലുണ്ടായിരുന്നത് നിയയുടെ ഹിയറിംഗ് എയ്ഡായിരുന്നു. ഇതില്ലെങ്കില്‍ നിയമോള്‍ക്ക് ഒന്നും കേള്‍ക്കാനാകില്ല.
പുതിയതു വാങ്ങാന്‍ 4 ലക്ഷത്തിലേറെ രൂപ വേണം. ദിവസവരുമാനക്കാരായ അച്ഛനും അമ്മയ്ക്കും താങ്ങാനാവുന്ന തുകയല്ലിത്. മോഷ്ടിച്ചവര്‍ക്ക് ഇതുകൊണ്ട് യാതൊരു പ്രയോജനവുമുണ്ടാകില്ല. അതിനാല്‍ അവര്‍ എവിടെയെങ്കിലും ബാഗു കളഞ്ഞുകാണുമെന്നും ഇതു കണ്ടുകിട്ടുന്നവര്‍ പെരളശ്ശേരി ചോരക്കളത്തെ രൂപ നിവാസില്‍ തിരിച്ചെത്തിക്കുമെന്നുമുള്ള പ്രതീക്ഷയിലാണു നിയമോളുടെ കുടുംബം. അച്ഛന്‍ കെ.പി.രാജേഷിന്റെ ഫോണ്‍: 98477 46711. വാര്‍ത്ത പുറത്തു വന്നതു മുതല്‍ സോഷ്യല്‍മീഡിയ വിഷയം ഏറ്റെടുത്തിട്ടുണ്ട്. നിയ മോളുടെ വേദനയ്ക്ക് പരിഹാരം ഉണ്ടാവുമെന്ന് തന്നെയാണ് വീട്ടുകാര്‍ കരുതുന്നത്.